Sorry, you need to enable JavaScript to visit this website.

പെണ്‍കെണിയെന്ന് സംശയം; 125 എഫ്.ബി അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

ലഖ്‌നൗ-സൈനിക ഉദ്യോഗസ്ഥരെ കുടുക്കാന്‍ ലക്ഷ്യമിട്ട് ഒരുക്കിയ പെണ്‍കെണിയായി സംശയിക്കുന്ന 125 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ നിരീക്ഷണത്തില്‍.  സ്ത്രീകളുടെ പേരിലുള്ള 125 അക്കൗണ്ടുകള്‍ക്ക് പിന്നില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ ആയിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് യു.പി പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇവ നിരീക്ഷിക്കുന്നത.
സംശയകരമായ ഈ അക്കൗണ്ടുകളില്‍ കരസേനയിലെയും അര്‍ധസൈനിക വിഭാഗങ്ങളിലുമുള്ള ഓഫീസര്‍മാരുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എ.ടി.എസ് അന്വേഷണം തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇതുസംബന്ധിച്ച വിവരങ്ങള്‍ യു.പി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ഡയറക്ടറേറ്റ് ഓഫ് മിലിട്ടറി ഇന്റലിജന്‍സിനും കൈമാറിയിട്ടുണ്ട്. പാക് ചാരസംഘടന കെണിയില്‍പ്പെടുത്തിയ ബ്രഹ്മോസ് എയ്‌റോസ്‌പേസ് എന്‍ജിനിയര്‍ നിഷാന്ത് അഗര്‍വാള്‍, ബി.എസ്.എഫ് ജവാന്‍ അച്യുതാനന്ദ് ശര്‍മ എന്നിവര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സമൂഹ മാധ്യമ ഇടപെടലുകള്‍ കര്‍ശനമായി നിരീക്ഷിച്ചു തുടങ്ങിയതെന്ന് എ.ടി.എസ് അവകാശപ്പെടുന്നു.

2018 സെപ്റ്റംബറിലാണ് ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് പാക് ചാരസംഘടന ഇരുവരെയും കെണിയില്‍പ്പെടുത്തിയത്. സുപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാനി ഏജെന്റിന് കൈമാറിയെന്ന വിവരം ലഭിച്ചതോടെയാണ് അഗര്‍വാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ശന നീരിക്ഷണത്തിനിടെ സൈന്യത്തില്‍ ചേരാന്‍ ശ്രമം നടത്തുന്നവര്‍ അടക്കമുള്ളവരെ സ്ത്രീകളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടു. സൈനിക ഓഫീസര്‍മാരെയും അവരോട് അടുത്ത ബന്ധമുള്ളവരെയും സാധാരണക്കാരെയും കെണിയില്‍പ്പെടുത്താന്‍ ശ്രമം നടത്തുന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്.

 

Latest News