അഹമ്മദാബാദ്- 'ഒത്തൊരുമയുടെ പ്രതിമ'യ്ക്കുള്ളിൽ മഴ പ്രശ്നക്കാരനായി. പ്രതിമയ്ക്കുള്ളിലെ നിരീക്ഷണ ഗാലറി മഴയിൽ നിറഞ്ഞു തുളുമ്പി. 3000 കോടി രൂപ ചെലവിട്ട് നിർമിച്ച സർദാർ വല്ലഭായ് പട്ടേലിൻറെ പ്രതിമയ്ക്കുള്ളിൽ വെള്ളം പൊങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് കഴിഞ്ഞ വർഷം ഉദ്‌ഘാടനം ചെയ്ത 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'. പ്രതിമ കാണാനെത്തിയ വിനോദ സഞ്ചാരികളിൽ ഒരാളാണ് 'ദൗർഭാഗ്യകാരം' എന്ന തലക്കെട്ടോടെ ദൃശ്യങ്ങൾ പങ്കു വച്ചത്. കാര്യമായ മഴ ഇല്ലാതിരുന്നിട്ടു കൂടി പ്രതിമ ചോർന്നൊലിക്കുകയായിരുന്നു എന്ന് പറയുന്നു.
എന്നാൽ, ഗാലറിയിൽ വെള്ളം ഒഴുകുന്നത് സ്വാഭാവികമാണെന്നാണ് പ്രതിമയുടെ ചീഫ് അഡ്മിനിസ്ട്രേറ്റർ കൂടിയായ നർമദ കളക്ടർ ഐ കെ പട്ടേൽ പറയുന്നത്. പ്രതിമയുടെ ഹൃദയഭാഗം ഗ്യാലറിക്കായി ഗ്രിൽ കൊണ്ട് തുറന്ന രീതിയിലാണ്. അത് കൊണ്ട് മഴ പെയ്യുമ്പോൾ ചോരുന്നത് സ്വാഭാവികം മാത്രം.- പട്ടേൽ വിശദമാക്കി.
സ്റ്റാച്യു ഓഫ് യൂണിറ്റിയിലെ കാര്യാ നിർവഹണ വിഭാഗം ഈ വെള്ളക്കെട്ട് കൃത്യമായി കൈകാര്യം ചെയ്തു എന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പറയുന്നു. ചോർച്ച ദൃശ്യങ്ങൾ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും തുടങ്ങിക്കഴിഞ്ഞു. മഴ പെയ്താൽ ചോരുന്ന രീതിയിലല്ലാതെ രൂപകൽപന നടത്താൻ 3000 കോടി ചെലവാക്കിയിട്ടും കഴിഞ്ഞില്ല എന്ന രീതിയിലുള്ള കുറ്റപ്പെടുത്തലുകളാണ് അധികവും.