Sorry, you need to enable JavaScript to visit this website.

എണ്ണ ഉൽപാദന നിയന്ത്രണം;  കരാർ നീട്ടാന്‍ സൗദി-റഷ്യ ധാരണ

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡന്റ് വഌഡ്മിർ പുട്ടിനും  ചർച്ച നടത്തുന്നു. 

റിയാദ് - എണ്ണ ഉൽപാദനം കുറക്കുന്നതിനുള്ള കരാർ ദീർഘിപ്പിക്കുന്നതിന് സൗദി അറേബ്യയും റഷ്യയും ധാരണയിലെത്തിയതായി റഷ്യൻ പ്രസിഡന്റ് പുട്ടിൻ. എത്ര കാലത്തേക്കാണ് കരാർ ദീർഘിപ്പിക്കേണ്ടത് എന്ന കാര്യത്തെ കുറിച്ച് ആലോചിക്കും. ആറു മാസത്തേക്കോ ഒമ്പതു മാസത്തേക്കോ ആണ് കരാർ ദീർഘിപ്പിക്കുക.


ആഗോള വിപണിയിൽ എണ്ണ വിലയിടിവ് തടയാൻ ലക്ഷ്യമിട്ട് ഉൽപാദനം കുറക്കുന്നതിന് പെട്രോൾ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും റഷ്യ അടക്കമുള്ള സ്വതന്ത്ര ഉൽപാദക രാജ്യങ്ങളും നേരത്തെയുണ്ടാക്കിയ കരാർ ദീർഘിപ്പിക്കുന്നതിന് സൗദി നിരന്തരം ശ്രമിച്ചുവരികയായിരുന്നു. റഷ്യ ഒഴികെയുള്ള മറ്റു രാജ്യങ്ങളെല്ലാം കരാർ ദീർഘിപ്പിക്കുന്നതിന് നേരത്തെ സമ്മതം മൂളിയിരുന്നെങ്കിലും റഷ്യ ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. 


ഊർജ വിപണിയിൽ സഹകരിക്കുന്നതിനെ കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡന്റും ജി 20 ഉച്ചകോടിക്കിടെ ഇന്നലെ ചർച്ച നടത്തി. ഊർജ മേഖലാ സഹകരണത്തെ കുറിച്ച് സൗദി കിരീടാവകാശിയുമായി വിശകലനം ചെയ്തതിൽ സന്തോഷമുണ്ടെന്ന് പുട്ടിൻ പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് അടുത്ത ശരത്കാലത്ത് താൻ സൗദി അറേബ്യ സന്ദർശിക്കുമെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. കിരീടാവകാശിയുമായി നടത്തിയ ചർച്ചക്കു പിന്നാലെയാണ് കരാർ ദീർഘിപ്പിക്കുന്നതിന് റഷ്യ ഒരുക്കമാണെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചത്. 


എണ്ണ ഉൽപാദനം കുറക്കുന്നതിനുള്ള കരാർ ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് ഇന്നലെ റഷ്യൻ ഊർജ മന്ത്രി അലക്‌സാണ്ടർ നൊവാകുമായി ചർച്ച നടത്തി. എണ്ണ, പ്രകൃതിവാതക മേഖലകളിൽ സൗദി അറേബ്യയും റഷ്യയും തമ്മിൽ സഹകരിക്കുന്നതിനെ കുറിച്ചും വാണിജ്യ, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു.
 

Latest News