ചണ്ഡീഗഢ് - ഹരിയാന കോണ്ഗ്രസ് വക്താവ് വികാസ് ചൗധരിയെ കാറിനുള്ളിൽ വെടിവച്ച് കൊന്ന സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ. കൊലപാതകത്തിൻറെ ആസൂത്രണത്തിൽ പങ്കുണ്ടെന്നു കരുതുന്ന ഗുണ്ട കൗശലിന്റെ ഭാര്യ രോഷ്നിയും സഹായി നരേഷുമാണ് അറസ്റ്റിലായിരിക്കുന്നത്. വെടി വയ്ക്കാനുള്ള തോക്ക് അക്രമികൾക്ക് കൊടുത്തത് ഇവരാണെന്ന് പോലീസ് പറഞ്ഞു.
കൊലപാതകം നടത്തിയ ഫരീദാബാദ് സ്വദേശികളായ വികാസ് ഏലിയാസ് ഭല്ലയ്ക്കും സച്ചിനും ആയുധങ്ങൾ കൈമാറിയത് രോഷ്നിയും വീട്ടു വേലക്കാരനായ നരേഷും ചേർന്നാണ്. വികാസിനും സച്ചിനും ഒപ്പം മറ്റു രണ്ടു പേർ കൂടിയുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏലിയാസ് ഭല്ലയെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് നരേഷ് തിരിച്ചറിഞ്ഞു. ഇവർ ഉപയോഗിച്ചിരുന്ന കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 27 നാണ് കോൺഗ്രസ് നേതാവായ വികാസ് ചൗധരിയെ പട്ടാപ്പകൽ കാറിനുള്ളിൽ വെടി വച്ചു കൊലപ്പെടുത്തുന്നത്. വികാസും ഗുണ്ടകളും തമ്മിൽ നേരത്തെ തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വികാസിന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നതായും കൊലപാതകം അതുമായി ബന്ധപ്പെട്ടതാകാമെന്നും ഹരിയാന എ.ഡി.ജി.പി നവദീപ് സിങ് വിർക് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.