ഇസ്ലാമബാദ് - പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടുത്ത മാസം അമേരിക്ക സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. ജൂലൈ 20 മുതൽ 5 ദിവസത്തേക്കാണ് സന്ദർശനം. പ്രധാനമന്ത്രി ആയതിനു ശേഷം ഇമ്രാന്റെ ആദ്യ അമേരിക്കൻ യാത്രയാകും ഇത്.
ഈ മാസം നടത്താനിരുന്ന സന്ദർശനം പാകിസ്ഥാന്റെ ഫെഡറൽ ബഡ്ജറ്റിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ക്ഷണ പ്രകാരമാണ് ഇമ്രാൻ ഖാൻറെ സന്ദർശനം എന്ന് വിദേശ കാര്യ മന്ത്രി ഷാ മെഹമൂദ് ഷാ പറഞ്ഞു. ട്രംപ് അധികാരത്തിലേറിയ ശേഷം ഇരു രാജ്യങ്ങളും നടത്തുന്ന ആദ്യ ഉന്നത തല യോഗമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാൻ താലിബാനുമായി അമേരിക്ക നടത്തുന്ന ചർച്ചകൾ നിർണായകമായ ഘട്ടത്തിലാണ് ഈ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. പാക്കിസ്ഥാൻ നുണകളും വഞ്ചനയുമല്ലാതെ തങ്ങൾക്ക് മറ്റൊന്നും നൽകിയിട്ടില്ലെന്നും തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിനുള്ള സുരക്ഷയും മറ്റ് സഹായങ്ങളും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് പരസ്യമായി പറഞ്ഞത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം സൃഷ്ടിച്ചിരുന്നു.
അധിനിവേശ പ്രദേശങ്ങളിൽ, ഇന്ത്യയ്ക്കും അഫ്ഗാനുമെതിരെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്കുള്ള പിന്തുണ അവസാനിപ്പിക്കണമെന്ന് യുഎസ് പലതവണ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.