ന്യൂ ദൽഹി - രാജസ്ഥാനിൽ പശുക്കടത്ത് നടത്തി എന്നാരോപിച്ച് ആൾക്കൂട്ട ആക്രമണത്തിന് ഇരയായി മരിച്ച പെഹ്‌ലു ഖാനെതിരെ കുറ്റപത്രം. കളക്ടറുടെ അനുമതിയില്ലാതെ പശുക്കളെ കടത്തി എന്നാരോപിച്ച് രാജസ്ഥാൻ സർക്കാരാണ് പുതിയ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
രണ്ട് എഫ്.ഐ.ആറുകളാണ് കേസിൽ ഫയൽ ചെയ്തിരിക്കുന്നത്. ഒന്ന് ക്ഷീര കർഷകനായിരുന്ന പെഹ്‌ലു ഖാനെ മർദിച്ചു കൊന്നതിന് എട്ട് പേർക്കെതിരെയും മറ്റൊന്ന് ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ കന്നുകാലികളെ കടത്തിയതിന് പെഹ്‌ലു ഖാനും മക്കൾക്കുമെതിരെയും. പെഹ്‌ലു ഖാൻ മരിച്ചതിനാൽ, കേസ് മക്കൾക്കെതിരെ തുടരും. കന്നുകാലി സംരക്ഷണത്തിനും കശാപ്പിനുമെതിരെയുള്ള രാജസ്ഥാൻ സർക്കാരിന്റെ നിയമങ്ങൾ ലംഘിച്ചു എന്ന് കാണിച്ച് ഒന്നിലധികം വകുപ്പുകളിൽ കേസ് ചാർജ് ചെയ്തിട്ടുണ്ട്.
2017 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ജയ്പൂരിലെ കന്നുകാലി മേളയിൽ നിന്നു വാങ്ങിയ പശുക്കളെ ഹരിയാനയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു പെഹലു ഖാനും മക്കളും. ജയ്പൂർ-ദൽഹി ദേശീയപാതയിൽ ഗോ രക്ഷകർ ഇവരെ കഠിനമായി മർദ്ദിച്ചു. ഖാനെ കഴുത്തിൽ കുത്തിപ്പിടിച്ചു റോഡിലേക്ക് എറിയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അവശനായ പെഹ്‌ലു ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് മരിച്ചു.
കൊലപാതകത്തിന് കേസെടുത്ത 8 പേരും ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. പശുക്കളെ കടത്താനുള്ള രേഖ കൈവശമുണ്ടായിരുന്നത് ആൾക്കൂട്ടം വലിച്ചു കീറിയെന്ന് പെഹ്‌ലു ഖാന്റെ മകൻ ഇർഷാദ് ഖാൻ പറഞ്ഞു.