പട്ന - ബീഹാറിൽ 150 ലധികം കുട്ടികളുടെ മരണങ്ങൾക്ക് കാരണമായ മസ്തിഷ്ക ജ്വരത്തിനു പിന്നിൽ വീടുകൾക്കുള്ളിൽ ഉപയോഗിക്കുന്ന ആസ്ബസ്റ്റോസിന് പങ്കുണ്ടെന്ന് വിദഗ്ധ സംഘത്തിൻറെ പഠനങ്ങൾ. കുട്ടികൾ ആസ്ബസ്റ്റോസ് മേഞ്ഞ വീടുകളിൽ താമസിക്കുന്നത് രോഗം മൂർച്ഛിക്കാൻ ഇടയാക്കുന്നുവെന്നാണ് കുട്ടികളെ ചികിൽസിച്ച ഡോക്ടർമാർ അടങ്ങിയ സംഘം വിലയിരുത്തുന്നത്.
ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കുട്ടികൾക്ക് ചികിത്സ നൽകിയ ഡോക്ടർമാർ ഉൾപ്പെട്ട സംഘം ഏതാനും ആഴ്ചകളായി മരണമടഞ്ഞ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഠനം നടത്തുകയാണ്. ദൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാരാണ് ഇവർ.
രോഗം പൊട്ടി പുറപ്പെട്ട മുസാഫർപുർ കേന്ദ്രീകരിച്ചാണ് പഠനം. കടുത്ത ചൂടിനും പോഷകാഹാരക്കുറവിനും പുറമെ ഭൂരിഭാഗവും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടുകളിലാണ് താമസിക്കുന്നത്. മാസങ്ങളായി ലഭിക്കേണ്ട റേഷനും മുടങ്ങിയതിനാൽ പട്ടിണിയും രൂക്ഷമാണ്. മാത്രമല്ല, ഒരു തരത്തിലുള്ള പ്രതിരോധ കുത്തിവയ്പുകളും ഇവർ കുട്ടികൾക്ക് നടത്തിയിട്ടില്ലെന്നാണ് മനസ്സിലാകുന്നത്- ഡോക്ടർമാരിൽ ഒരാൾ പറഞ്ഞു.
വെറും വയറ്റിൽ ലിച്ചി കഴിക്കുന്നതാണ് മസ്തിഷ്ക ജ്വരത്തിന് കാരണമായി ആദ്യം പറഞ്ഞിരുന്നത്. ധാരാളമായി ലിച്ചി ഉണ്ടാകുന്ന സ്ഥലമാണ് മുസാഫർപുർ. അധിക ദിവസവും മുഴുപ്പട്ടിണിയായ കുട്ടികൾക്ക് ലിച്ചിയാണ് പട്ടിണി മാറ്റാനുള്ള പ്രധാന ആശ്രയം. എന്നാൽ പുതിയ പഠനങ്ങൾ ലിച്ചിയല്ല വില്ലൻ എന്നാണ് കാണിക്കുന്നത്.
സർക്കാർ ആശുപത്രികളിലെ സൗകര്യ കുറവും ചികിത്സാ അഭാവവും മരണ നിരക്ക് കൂടാൻ കാരണമായതായി ചൂണ്ടിക്കാണിക്കുന്നു. ഡോക്ടർമാർ സന്ദർശിച്ച 287 കുടുംബങ്ങളിൽ 280 പേരും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. വിശദമായ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.