പൂനെ - ഇന്ന് രാവിലെയുണ്ടായ കനത്ത മഴയെ തുടർന്ന് പൂനെയിൽ അപ്പാർട്മെൻറ് സമുച്ചയത്തിനുള്ളിലെ മതിൽ ഇടിഞ്ഞു വീണ് 15 പേർ മരിച്ചു. ഒട്ടേറെ കാറുകൾ കുടുങ്ങി. 4 കുട്ടികളും ഒരു സ്ത്രീയും ഉൾപ്പടെ 15 പേരാണ് മരിച്ചത്.
പൂനെയിലെ കോൺട്വയിലാണ് സംഭവം. സമുച്ചയത്തിനടുത്തുള്ള ടിൻ ഷെഡുകളിലേക്ക് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. മതിലിനടുത്ത് പാർക്ക് ചെയ്തിരുന്ന നിലം പതിച്ചാണ് ഷെഡിനകത്തുള്ള ആളുകൾ മരിച്ചത്. മതിലിൽ നിന്നും 40 അടി അകലെയായിരുന്നു ഷെഡുകൾ. അടുത്തുള്ള ഒരു നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ഷെഡുകൾ നിർമ്മിച്ചത്.
ദേശീയ ദുരന്ത നിവാരണ സേനയിൽ നിന്നും (എൻഡിആർഎഫ്) അഗ്നിശമന വകുപ്പിൽ നിന്നും രക്ഷാപ്രവർത്തകർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇനിയും ആളുകൾ അകപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ആളുകൾ മരിച്ചതിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തി. കലക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച മുതൽ പൂനെയിൽ കനത്ത മഴ തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ പൂനെയിൽ 73.1 മില്ലിമീറ്റർ മഴ ലഭിച്ചു.
മുംബൈ നഗരത്തിലും കനത്ത മഴ തുടരുകയാണ്. 3 മരണങ്ങളാണ് നഗരത്തിൽ മഴയെ തുടർന്ന് റിപ്പോർട്ട് ചെയ്തത്. 5 പേർക്ക് പരുക്കേറ്റു.