ന്യൂദല്‍ഹി- ജയ് ശ്രീറാം വിളിച്ചു കൊണ്ട് ഒരാഴ്ചക്കിടെ മൂന്ന് വിദ്വേഷ ആക്രമണങ്ങള്‍, പ്രധാനമന്ത്രി നേരന്ദ്ര മോഡിയുടെ രണ്ടാമൂഴത്തിലും ഇന്ത്യക്ക് നാണക്കേടായി ഭൂരിപക്ഷ വര്‍ഗീയത ആള്‍ക്കൂട്ട ആക്രമണത്തിലേക്ക് തിരിയുന്നു.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇന്ത്യക്കാര്‍ നല്‍കിയ സ്വീകരണവും ജയ് ശ്രീറാം വിളികളോടെ ആയിരുന്നു.
കോബെയില്‍ ജപ്പാനിലെ ഇന്ത്യന്‍ പ്രവാസികള്‍ ഒരുക്കിയ സ്വീകരണത്തിലാണ് മോദിയെ ജയ് ശ്രീറാം വിളികളോടെ എതിരേറ്റത്. വന്ദേ മാതരം, ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ജപ്പാനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് പ്രവാസികളാണെന്ന് പറഞ്ഞ മോഡി പ്രസംഗം അവസാനിപ്പിച്ചതും ഭാരത് മാതാ കീ ജയ്, വന്ദേ മാതരം വിളികളോടെയാണ്. പാര്‍ലമെന്റില്‍ മുസ്ലിം അംഗങ്ങളെ വരവേറ്റതും ഇക്കുറി ജയ് ശ്രീറാം വിളികളായിരുന്നു.
ജൂണ്‍ 22 ന് ജാര്‍ഖണ്ഡില്‍ മുസ്്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ഇന്ത്യക്ക് വലിയ നാണക്കേട് സമ്മാനിച്ചു കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. യുവാവിനെ കൈകള്‍ ബന്ധിച്ച് കെട്ടിയിട്ട ശേഷം ജയ് ശ്രീറാമും ജയ് ഹനുമാനും വിളിപ്പിക്കുന്നതായിരുന്നു വീഡിയോ. ശരീരാമസകലം രക്തമൊലിക്കുന്ന ഈ വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളിലും സ്ഥാനം പിടിച്ചു. 24 കാരനായ തബ്രീസ് അന്‍സാരിയെയാണ് ജാര്‍ഖണ്ഡില്‍ ഹിന്ദു ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പ് മാത്രം വിവഹിതനായ യുവാവ് കരുണക്കായി യാചിക്കുന്നത് വീഡിയോയില്‍ കാണാം. കസ്റ്റഡിയിലെടുത്ത യുവാവിനെ ചികിത്സ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് തബ്രീസിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് പിന്നീട് 11 പേരെ അറസ്റ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ വിദ്വേഷ കുറ്റകൃത്യത്തിന്റെ ആദ്യ ഇരയായി അന്‍സാരി. ഭര്‍ത്താവായിരുന്നു തന്റെ ഏക ആശ്രമയമെന്നും നീതി ലഭിക്കാന്‍ താന്‍ ആരെ സമീപിക്കുമെന്നും തബ്രീസിയുടെ വിധവ ചോദിക്കുന്നു.
അന്‍സാരിയെ ആക്രമിച്ച് രണ്ട് ദിവസം മാത്രം പിന്നിട്ടപ്പോഴാണ് 26 കാരനായ മദ്രസാ അധ്യാപകനെ പശ്ചിമ ബംഗാളില്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട സംഭവം. ജയ് ശ്രീ റാം മുഴക്കിക്കൊണ്ട് ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ഹാഫിസ് മുഹമ്മദ് ഹല്‍ദാര്‍ക്ക് പരിക്കേറ്റെങ്കിലും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ജയ് ശ്രീറാം വിളിക്കാത്തതിന് മുംബൈയില്‍ മുസ്‌ലിം ടാക്സി ഡ്രൈവര്‍ക്ക് മൂന്നംഗസംഘത്തിന്റെ മര്‍ദനമേറ്റ സംഭവം ജൂണ്‍ 27 നാണ്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഫൈസല്‍ ഉസ്മാന്‍ ഖാന്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. താനെയിലെ ദിവാ ഏരിയയില്‍ വെച്ചായിരുന്നു സംഭവം.
അടുത്തുള്ള മാനവ് കല്യാണ്‍ ആശുപത്രിയില്‍നിന്ന് മൂന്നു പേരുമായി വരികയായിരുന്നു ഫൈസല്‍. ഓട്ടത്തിനിടെ കാര്‍ കേടായി. തുടര്‍ന്ന് നിര്‍ത്തിയിട്ട് പരിശോധിക്കുകയായിരുന്നു. അപ്പോള്‍ അവിടെയെത്തിയ മൂന്നംഗ സംഘം കാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനെ ചോദ്യം ചെയ്തു. മദ്യലഹരിയിലായിരുന്ന സംഘം കാറിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം വണ്ടിയില്‍ നിന്ന് പുറത്തിറക്കി മര്‍ദ്ദിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരേയും ഭീഷണിപ്പെടുത്തി.
മുസ്ലീമാണെന്ന് മനസ്സിലാക്കിയ അവര്‍ ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് മര്‍ദ്ദനം തുടങ്ങിയത്. യാത്രക്കാരിലൊരാള്‍ പോലീസിനെ ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ ഫോണ്‍ വാങ്ങി എറിഞ്ഞു പൊട്ടിച്ചു.
അക്രമികള്‍ പോയ ശേഷമാണ് ഫൈസല്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിനും മോഷണത്തിനും അക്രമകള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
വീണ്ടും അധികാരമേറ്റ മേയ് 23 ന് നടത്തിയ പ്രസംഗത്തില്‍ മുസ് ലിംകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നുവെങ്കിലും രണ്ടാമൂഴത്തിലും രാജ്യത്ത് വിദ്വേഷ ആക്രമണങ്ങള്‍ വ്യാപിക്കുമെന്നാണ് ഒറ്റയാഴ്ചത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ വിദ്വേഷ ആക്രമണങ്ങളുടെ 90 ശതമാനവും മോഡിയുടെ ഒന്നാമൂഴത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ഭൂരിപക്ഷ വര്‍ഗീയത അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയതിനു പിന്നാലെ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു.എസ് കമ്മീഷനും ജാര്‍ഖണ്ഡിലെ അന്‍സാരിയുടെ കൊലപാതകത്തെ അപലപിച്ച് രംഗത്തുവന്നിരുന്നു. ഇന്ത്യ അപകടകരമായ ഭൂരിപക്ഷ വര്‍ഗീയതയിലേക്ക് നീങ്ങുന്നുവെന്നാണ് അമേരിക്ക കുറ്റപ്പെടുത്തിയത്.