Sorry, you need to enable JavaScript to visit this website.

പിന്തുണ അറിയിച്ച് ഓരോ പത്ത് മിനിറ്റിലും കേരളത്തില്‍നിന്ന് ഒരു കോള്‍- ശ്വേതാ ഭട്ട്

കോഴിക്കോട് -ഗുജറാത്ത് സര്‍ക്കാര്‍ ജയിലിലടച്ച സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യ മറിയിച്ച് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ അമ്പ്രല്ല റാലിയില്‍ ഭാര്യ ശ്വേതാ ഭട്ടും മകന്‍ ശന്തനു ഭട്ടും.  
ഭര്‍ത്താവിനെ മോചിപ്പിക്കും വരെ താന്‍ പോരാട്ടം തുടരുമെന്ന് ശ്വേത പറഞ്ഞു. പിന്തുണ അറിയിച്ച് ഓരോ പത്ത് മിനിറ്റിലും കേരളത്തില്‍നിന്ന് ഒരു ഫോണ്‍ വിളി എത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
ഫാസിസ്റ്റ് സര്‍ക്കാറിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതിനാണ് തന്റെ ഭര്‍ത്താവിനെ കള്ളക്കേസ് ചുമത്തി ജയിലിലടച്ചത്. 22 വര്‍ഷം മുമ്പത്തെ കേസിലാണ് സഞ്ജീവ് ഭട്ടിനെ തുറുങ്കിലടച്ചത്. നിയമത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹം പുറത്ത് വരും വരെ നിയമ പോരാട്ടം തുടരും.

http://malayalamnewsdaily.com/sites/default/files/2019/06/28/p5cltyleagueumarch28.jpg
31 വര്‍ഷം മുമ്പ് ഐ ഐ ടി ബിരുദത്തിനൊപ്പം ഐ.പിഎസ് നേടി പോലീസില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഹൃദയത്തില്‍ നിറയെ സ്വപ്‌നങ്ങളുണ്ടായിരുന്നു.എന്നാല്‍ സത്യത്തിന് നേരെ കണ്ണടച്ചില്ല എന്ന ഒറ്റ കാരണത്താല്‍ ഭരണകൂടം അദ്ദേഹത്തെ നിരന്തരം വേട്ടയാടി. അദ്ദേഹം കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ലാത്ത ഒരാള്‍ വൃക്കരോഗത്തെ തുടര്‍ന്ന് മരിച്ചതാണ് കസ്റ്റഡി മരണമാക്കി കേസെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനമേറ്റതായി പറയുന്നുമില്ല. എന്നിട്ടും സഞ്ജീവിനെതിരെ കേസെടുത്തു. ഒരു പോലീസുദ്യോഗസ്ഥന്റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരനായ പൗരന്റ ഗതിയെന്താണ്. നാനാവതി കമ്മീഷന് മുമ്പില്‍ ഭട്ട് കൊടുത്ത സത്യവാങ്മൂലമാണ്  വിദ്വേഷ ഭരണക്കാരെ അദ്ദേഹത്തിന്റെ ശത്രുക്കളാക്കിയത്. പക്ഷെ വഴങ്ങിക്കൊടുക്കാന്‍ സഞ്ജീവ് തയ്യാറായിരുന്നില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇന്ന് കുടുംബത്തോടൊപ്പം കഴിയാമായിരുന്നു.
33 വര്‍ഷം മുമ്പ് വിവാഹ സമയത്ത് ഞങ്ങള്‍ ഒരു ഉടമ്പടി ചെയ്തിരുന്നു. ഏത് സാഹചര്യത്തിലും ഒന്നിച്ച് നില്‍ക്കുമെന്ന്. അത് പാലിക്കാന്‍ എനിക്ക് നിങ്ങളുടെ പിന്തുണ വേണം. അടുത്ത തവണ അദ്ദേഹവും ഇവിടെ വരും- ശ്വേത പറഞ്ഞു.
സ്‌റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച റാലിയില്‍ പങ്കെടുത്തവരെല്ലാം ജസ്റ്റിസ് ഫോര്‍ സഞ്ജയ് ഭട്ട് എന്ന് എഴുതിയ കുട ചൂടിയിരുന്നു.
സയ്യിദ് മുനവ്വറലി ശിഹാബ് അധ്യക്ഷത വഹിച്ചു പി കെ.ഫിറോസ്, സി കെ.സുബൈര്‍, ഉമ്മര്‍ പാണ്ടികശാല, ടി പി.അഷ്‌റഫലി, മിസ് ഹബ് കീഴരിയൂര്‍ , നജീബ് കാന്തപുരം സംസാരിച്ചു.

 

Latest News