ന്യൂദൽഹി - ജമ്മു കശ്മീരിൽ പ്രശ്നങ്ങൾ തുടങ്ങി വച്ചത് ജവഹർലാൽ നെഹ്‌റുവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിനെ വിശ്വാസത്തിലെടുക്കാതിരുന്നതാണ് പ്രശ്നങ്ങൾ തുടങ്ങാൻ കാരണമായതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കാശ്മീരിൽ രാഷ്‌ട്രപതി ഭരണം 6 മാസത്തേക്ക് കൂടി നീട്ടണമെന്ന പ്രമേയം അവതരിപ്പിക്കുന്നതിനിടയിലാണ് ഷായുടെ പരാമർശം.
അതിനിടെ, കാശ്മീരിൽ രാഷ്‌ട്രപതി ഭരണം അടിച്ചേൽപിച്ചുവെന്ന പ്രതിപക്ഷത്തിൻറെ വിമർശനങ്ങൾക്ക് ഷാ തിരിച്ചടിച്ചു. ഭരണഘടനയിലെ ആർട്ടിക്കിൾ 356 ഏറ്റവും കൂടുതൽ ഉപയോഗിച്ചത് കോൺഗ്രസാണെന്ന് ഷാ പ്രതികരിച്ചു. രാഷ്‌ട്രപതി ഭരണം 93 തവണ കോൺഗ്രസ് ഏർപ്പെടുത്തിയെന്നും ബി.ജെ.പി സർക്കാർ ചെയ്യുമ്പോൾ മാത്രം ജനാധിപത്യ ലംഘനമാണെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ജനാധിപത്യത്തിൽ കോൺഗ്രസിന്റെ പാഠങ്ങൾ ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തിനെ ഭിന്നിക്കാൻ നോക്കുന്നവർ ഭയപ്പെടുക തന്നെ വേണം. ജമ്മു കാശ്മീരിനെ രാജ്യത്തിൻറെ ഭാഗമായി നിലനിർത്തുക എന്നത് ഞങ്ങളുടെ സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. -ഷാ വ്യക്തമാക്കി.
എന്നാൽ, അമിത് ഷായുടെ വാദങ്ങൾ സ്വീകാര്യമല്ലെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പ്രസ്താവിച്ചു. ആർട്ടിക്കിൾ 356 ഏറ്റവും കൂടുതൽ കോൺഗ്രസ് പ്രയോഗിച്ചു എന്ന കാരണത്താൽ ബി.ജെ.പിയെ ന്യായീകരിക്കാൻ കഴിയില്ല എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
So the Home Minister’s argument is that because the Congress has used Article 356 more times than anyone else the Modi government is justified in denying the people of J&K an elected government. That’s an unacceptable argument. https://t.co/IOsi9aUIKT
— Omar Abdullah (@OmarAbdullah) 28 June 2019
ജമ്മുകശ്മീർ സംവരണ ഭേദഗതി ബില്ലും അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. ജമ്മുകശ്മീരിലെ ഇന്തോ-പാക് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേഗദതിയാണ് സംവരണ ബില്ലിലുള്ളത്.കഴിഞ്ഞ വർഷം ജൂണിൽ മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുമായുള്ള ഭരണ സഖ്യം ബിജെപി അവസാനിപ്പിച്ചതുമുതൽ ജമ്മു കശ്മീർ റാസ്ത്രപതി ഭരണത്തിന്റെ കീഴിലാണ്.