കൊളംബിയ - മിന്നലിനെ വെല്ലുന്ന വേഗത്തിൽ വലിയൊരു വീഴ്ചയിൽ നിന്ന് കുഞ്ഞിനെ തലനാരിഴയ്ക്ക് രക്ഷപ്പെടുത്തുന്ന അമ്മയുടെ ദൃശ്യങ്ങൾ വൈറലാക്കി സോഷ്യൽ മീഡിയ. താഴേക്ക് പോകാനായി ലിഫ്റ്റ് കാത്ത് നിൽക്കുന്നതിനിടെ ബാൽക്കണിയിലേക്ക് ഓടുന്ന കുഞ്ഞ് വിടവിലൂടെ താഴേക്ക് വീഴാൻ തുടങ്ങുമ്പോഴാണ് അമ്മയുടെ ക്ഷിപ്ര പ്രതികരണം. സി.ടി.വിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
താഴേക്ക് വീണു തുടങ്ങിയ കുഞ്ഞിനെ കണങ്കാലിൽ പിടിച്ച് വലിച്ചു കയറ്റുകയായിരുന്നു അമ്മ. കാലിൽ പിടിക്കുന്നതിനിടെ, കയ്യിലുള്ള ഫോൺ ശ്രദ്ധയോടെ താഴെ വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വീഡിയോ ദൃശ്യങ്ങൾ കണ്ട് ആയിരക്കണക്കിന് പേരാണ് അമ്മയുടെ മനഃസാന്നിധ്യത്തെ പ്രശംസിച്ചു കൊണ്ട് കമന്റുകളിട്ടത്. കെട്ടിടത്തിലെ സുരക്ഷിതത്വമില്ലായ്മയെയും ഒട്ടേറെ പേർ വിമർശിക്കുന്നുണ്ട്.