ന്യൂദൽഹി - മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയുടെ മകൻ ഇൻഡോറിലെ മുനിസിപ്പൽ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ മധ്യപ്രദേശ് ബിജെപിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവം പാർട്ടിയുടെ പ്രതിച്ഛായ വ്രണപ്പെടുത്തുന്നുവെന്ന് നേതാക്കൾക്കയച്ച കത്തിൽ പറയുന്നു. ഇൻഡോർ -3 നിയമസഭാ പ്രതിനിധിയും മുതിർന്ന നേതാവ് കൈലാഷ് വിജയവർഗിയയുടെ മകനുമായ ആകാശ് വിജയവർഗിയയാണ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് മുനിസിപ്പൽ ഉദ്യോഗസ്ഥനെ മർദിച്ചത്. ഇൻഡോറിലെ അനധികൃത കയ്യേറ്റങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ആകാശിനെ സമീപിച്ചപ്പോഴായിരുന്നു മർദനം.
ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ആകാശിനെ ജൂലൈ 7 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മുനിസിപ്പൽ ഉദ്യോഗസ്ഥരാണ് അപമര്യാദയായി പെരുമാറിയത് എന്നായിരുന്നു ആകാശിന്റെ പ്രതികരണം. ആദ്യം അപേക്ഷിക്കുക, പിന്നെ ആക്രമിക്കുക എന്ന ബി.ജെ.പിയുടെ പാഠമാണ് താൻ പ്രവർത്തിച്ചതെന്നും ആകാശ് പറഞ്ഞു.
സംഭവത്തിന്റെ വിശദാംശങ്ങൾ അറിയാൻ കേന്ദ്ര ബിജെപിയിലെ മുതിർന്ന നേതാക്കൾ ആഗ്രഹിക്കുന്നുവെന്നും കേസിന്റെ എല്ലാ വസ്തുതകളും പഠിച്ച ശേഷം പാർട്ടി നേതാവിന്റെ മകനെ എന്തുചെയ്യണമെന്ന് ആലോചിക്കുമെന്നും മധ്യപ്രദേശ് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.