മുംബൈ-ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ കോടതി ഉത്തരവിട്ടു. ബിനോയി നല്‍കിയ ജാമ്യാപേക്ഷയില്‍ യുവതിയുടെ വാദം വീണ്ടും കേള്‍ക്കും. കൂടുതല്‍ വാദം കേള്‍ക്കണമെന്ന യുവതിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ യുവതിക്ക് പ്രത്യേക അഭിഭാഷകനെ നിയോഗിക്കാന്‍ അനുമതി നല്‍കി. തിരക്കേറിയ ചുമതലകള്‍ വഹിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഈ കേസ് തനിച്ച് നടത്താന്‍ കഴിയില്ലെന്ന വാദം കോടതി അംഗീകരിച്ചു. യുവതിക്കു വേണ്ടി ബോംബെ ഹൈക്കോടതിയിലെ അഡ്വ. മുക്താര്‍ അബ്ബാസ് ഹാജരായി. ബിനോയിയുടെ പിതാവ് മുന്‍മന്ത്രിയാണെന്നും ശക്തനായ രാഷ്ട്രീയ നേതാവാണെന്നുമുള്ള കാര്യം മറച്ചുവെച്ചുവെന്നും ബിനോയിക്കെതിരെ ദുബായില്‍ കേസുള്ള കാര്യങ്ങളും മറച്ചുവെച്ചുവെന്നും യുവതിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
യുവതിക്കും കുട്ടിക്കും ഭീഷണിയുണ്ടെന്ന് രേഖകളും മാധ്യമ വാര്‍ത്തകളും ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ അറിയിച്ചു. പ്രോസിക്യൂഷനെ സഹായിക്കാന്‍ പ്രത്യേക അഭിഭാഷകനെ നിയോഗിക്കുന്നതിനെ പ്രതിഭാഗം എതിര്‍ത്തു. ഇരു അഭിഭാഷകരും തമ്മില്‍ കോടതിയില്‍ വാഗ്വാദവും നടന്നു. യുവതിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
അതിനിടെ, ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ യുവതി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തനിക്കും മകനും ദുബായില്‍ എത്തുന്നതിന് ബിനോയ് വിസിറ്റ് വിസയും വിമാന ടിക്കറ്റും അയച്ചിരുന്നു. യുവതിയുടെ ബിസിനസ് ഇ-മെയില്‍ ഐ.ഡിയിലേക്കാണ് ഇവ അയച്ചതെന്ന് തെളിവു സഹിതം വ്യക്തമാക്കി. 2015 ഏപ്രില്‍ 21 നാണ് ബിനോയ് വിസ അയച്ചത്.
മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നു ബിനോയി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും യുവതി ആവശ്യപ്പെട്ടു.