ദുബായ്- വിദേശത്തെ പ്രവാസി വീരഗാഥകള്‍ക്ക് ദുബായില്‍ ഒരു അനുബന്ധം. തൃശൂര്‍ സ്വദേശിയുടെ ദുബായ് കമ്പനിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ വെളള ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മ്മാണ കരാര്‍.
യു.എ.ഇ ആസ്ഥാനമായുളള ടെക്റ്റോണ്‍ ആണ് കരാര്‍ സ്വന്തമാക്കിയത്. പശ്ചിമേഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യന്‍ രാജ്യങ്ങളിലും നിര്‍മാണ രംഗത്ത് സജീവമാണ് ടെക്റ്റോണ്‍ എന്‍ജിനിയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍.
തൃശൂര്‍ സ്വദേശി എം.എം.എം ഷരീഫിന്റെയും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി ലക്ഷ്മണിന്റെയും ഉടമസ്ഥതയിലുളള സ്ഥാപനമാണ് ടെക്റ്റോണ്‍. ദിനംപ്രതി 150 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം ഉല്പാദിപ്പിക്കാന് പ്രാപ്തിയുളള പ്ലാന്റിന്റെ നിര്‍മ്മാണത്തിനുളള 1700 കോടി രൂപയുടെ കരാറാണ് ചെന്നൈ മെട്രോപോളിറ്റന്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വിവറേജ് ബോര്‍ഡില്‍നിന്നു ടെക്റ്റോണിന് ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ നെമ്മേലിയിലാണ് ശുദ്ധജല സംസ്കരണത്തിനായുളള ഈ കൂറ്റന്‍ ഡിസാലിനേഷന്‍ പ്ലാന്റ് നിര്‍മ്മിക്കുക.
ടെക്റ്റോണിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ എം.എം.എം. ഷെരീഫ് പ്രൊഫഷനല്‍ എന്‍ജിനീയറാണ്. നിരവധി നിര്‍മ്മാണ പദ്ധതികള്‍ യു.എ.ഇയിലും ഇന്ത്യയിലുമായി കമ്പനി പൂര്‍ത്തിയാക്കിയിട്ടുണ്ട്.