ജിദ്ദ- സാമ്പത്തിക കേസുകളിൽ ജയിലുകളിൽ കഴിയുന്നവരുടെ മോചനത്തിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഒന്നര കോടി റിയാൽ സംഭാവന നൽകിയതായി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ അറിയിച്ചു. സൽമാൻ രാജാവ് ഒരു കോടി റിയാലും കിരീടാവകാശി 50 ലക്ഷം റിയാലുമാണ് സംഭാവന നൽകിയത്. ആഭ്യന്തര മന്ത്രി 20 ലക്ഷം റിയാലും സംഭാവന ചെയ്തു.
രണ്ടാം ഘട്ടത്തിൽ പദ്ധതിയുടെ ഗുണം ലഭിക്കുന്നവരുടെ മോചനത്തിനു വേണ്ടിയാണ് രാജാവും കിരീടാവകാശിയും ആഭ്യന്തര മന്ത്രിയും ഭീമമായ തുകകൾ സംഭാവന ചെയ്തത്. സാമ്പത്തിക കേസുകളിലെ തടവുകാരുടെ മോചനം സാധ്യമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആഭ്യന്തര മന്ത്രി ജിദ്ദയിൽ ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക കേസുകളിൽ കുടുങ്ങി ജയിലുകളിൽ കഴിയുന്ന സുരക്ഷാ സൈനികർക്കും രണ്ടാം ഘട്ടത്തിൽപദ്ധതിയുടെ പ്രയോജനം ലഭിക്കും.
സാമ്പത്തിക കേസുകളിൽ ജയിലുകളിൽ കഴിയുന്നവരുടെ മോചനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുസമൂഹത്തിന് സംഭാവനകൾ നൽകുന്നതിന് അവസരമൊരുക്കുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ 600 ലേറെ പേർക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരുടെയും ഇത്തരം കേസുകളിൽ അറസ്റ്റിലാകുന്ന പ്രതികളുടെയും മോചനം വേഗത്തിൽ സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി കഴിഞ്ഞ മാസം 29 ന് ആണ് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക കേസ് തടവുകാരുടെ ബാധ്യതകൾ വീട്ടുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി സഹായം നൽകുന്നതിന് അവസരമൊരുക്കുന്ന പദ്ധതിക്ക് 'ഫുരിജത്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
ഉയർന്ന വിശ്വാസ്യതയും സ്വകാര്യതയും ഉറപ്പുവരുത്തി, സാമ്പത്തിക തടവുകാരുടെ ബാധ്യതകൾ വീട്ടൽ എളുപ്പമാക്കുകയും ഈ രംഗത്തുള്ള ശ്രമങ്ങൾ ഒറ്റ ഡിജിറ്റൽ പോർട്ടലിൽ ഏകീകരിക്കുകയുമാണ് പദ്ധതി ചെയ്യുന്നത്. സാമ്പത്തിക കേസ് പ്രതികൾക്ക് ധനസഹായം നൽകുന്നതിന് പൊതുസമൂഹത്തിന്റെ പങ്കാളിത്തം സാധ്യമാക്കുന്നതിനും അബ്ശിർ പോർട്ടൽ വഴി സഹായം നൽകുന്നതിന് അവസരമൊരുക്കുന്നതിനും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടപ്പാക്കു പദ്ധതികളുടെ ഭാഗമാണ് പുതിയ പദ്ധതി.
ക്രിമിനൽ കേസുകളല്ലാത്ത സാമ്പത്തിക കേസുകളിലെ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ വീട്ടുന്നതിനാണ് പദ്ധതി വഴി ലഭിക്കുന്ന സംഭാവനകൾ പ്രയോജനപ്പെടുത്തുന്നത്.
ആദ്യ ഘട്ടത്തിൽ ഒരു സാമ്പത്തിക കേസിൽ കുടുങ്ങിയ, മറ്റു കേസുകളിലൊന്നും പ്രതികളല്ലാത്തവരുടെ ബാധ്യകളാണ് വീട്ടിയത്. സൗദിയിലെ മുഴുവൻ ജയിലുകളിലുള്ളവർക്കും ഇതിന്റെ പ്രയോജനം ലഭിച്ചു.
ക്രിമിനൽ കേസുകളല്ലാത്ത രണ്ടു സാമ്പത്തിക കേസുകളിൽ കുടുങ്ങിയ 500 ലേറെ തടവുകാർക്ക് രണ്ടാം ഘട്ടത്തിൽ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. സ്വദേശികൾക്കു മാത്രമല്ല, സാമ്പത്തിക കേസുകളിൽ ജയിലുകളിൽ കഴിയുന്ന വിദേശികൾക്കും പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കും.