ന്യൂദല്‍ഹി-ഒരു ഏകാധിപത്യ ഭരണത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന സൂചന നല്‍കി മോഡി സര്‍ക്കാര്‍. ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നത് കാവിയോടുള്ള വിധേയത്വമായി മാത്രം കണ്ടാണ് പുതിയ നീക്കം. എതിര്‍ക്കുന്നവരെ നിശബ്ദരാക്കാനും പ്രതിരോധത്തിലാക്കാനും സകല അടവുകളും കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുകയാണ്. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്ക് പരസ്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനവും ഇതിന്റെ ഭാഗമാണ്.
രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ദി ഹിന്ദു, ടെലിഗ്രാഫ് തുടങ്ങിയ മാധ്യമങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പരസ്യത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എബിപി ഗ്രൂപ്പിന് കീഴില്‍ വരുന്ന ടെലിഗ്രാഫിന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കേന്ദ്രസര്‍ക്കാര്‍ പരസ്യം നല്‍കുന്നില്ല. വീണ്ടും മോഡി അധികാരത്തില്‍ വന്നതിനു ശേഷവും ഈ നിലപാട് തുടരുകയാണ്. റഫേല്‍ വിമാന ഇടപാടിലെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് 'ദി ഹിന്ദു'വിന് വിലക്കു വീണിരിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ 'ഗ്രേറ്റര്‍ കശ്മീര്‍', 'കശ്മീര്‍ റീഡര്‍' എന്നീ പത്രങ്ങള്‍ക്കും പരസ്യങ്ങള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഡിഎവിപി മുഖാന്തരമാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കാറുള്ളത്. പ്രത്യേക പാനല്‍ പരിശോധിച്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കി എംപാനല്‍ ചെയ്യപ്പെട്ട മാധ്യമങ്ങള്‍ക്കാണ് പരസ്യം നല്‍കാറുള്ളത്. ഒപ്പം നില്‍ക്കുന്നവരെ സഹായിക്കുമെന്ന സന്ദേശവും കേന്ദ്രം മാധ്യമ ലോകത്തിന് നല്‍കുന്നുണ്ട്.
സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് 2019 ജനുവരിയില്‍ 15 ശതമാനം നിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2014 മുതല്‍ 2018 വരെ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി മോഡി സര്‍ക്കാര്‍ ചെലവഴിച്ചത് 5,200 കോടി രൂപയാണ്. ഇതില്‍ 2,282 കോടി രൂപയുടെ പരസ്യം പത്രമാധ്യമങ്ങള്‍ക്കാണ് ലഭിച്ചിരുന്നത്. 2,312.59 കോടി രൂപയുടെ പരസ്യം ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ക്കും ലഭിക്കുകയുണ്ടായി.
651.14 കോടി രൂപ മറ്റു രീതിയിലുള്ള പരസ്യങ്ങള്‍ക്കായാണ് ചെലവിട്ടത്. പരസ്യം നിഷേധിച്ച് മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ലോക്‌സഭയിലും ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. അധീര്‍ രജ്ഞന്‍ ചൗധരിയാണ് വിഷയം സഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്.