പൗരത്വ രജിസ്റ്ററില്‍ പേരില്ല,  അസമില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു 

ഗുവാഹത്തി- ദേശീയ പൗരത്വ രജിസ്റ്ററില്‍ പേര് ഉള്‍പ്പെടാത്തതിനെ തുടര്‍ന്ന് അസമില്‍  പതിനാലുകാരി ആത്മഹത്യ ചെയ്തു. ദരാങ് ജില്ലയിലെ രൗമരി ഗ്രാമത്തിലെ നൂര്‍ നഹാര്‍ ബീഗം ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ പൗരത്വ രജിസ്റ്ററിലും തന്റെ പേര് ഉള്‍പ്പെടാത്തതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും വിദ്യാര്‍ഥി സംഘടനകളും ആരോപിക്കുന്നത്.
അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അതില്‍ നൂര്‍ നഹാമിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. പിന്നീടു പുറത്തുവന്ന പട്ടികയിലും പേരില്ലായിരുന്നു. ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുതിയ പട്ടിക പുറത്തുവിട്ടത്. ഇതിലും നൂറിന്റെ പേര് ഉള്‍പ്പെട്ടില്ല. ഈ പട്ടികയിലും പേര് ഉള്‍പ്പെടാതിരുന്നതില്‍ അതീവ ദുഃഖിതയായിരുന്നു നൂര്‍ എന്നും ബന്ധുക്കള്‍ പറയുന്നു.
പൗരത്വത്തിന് അവകാശവാദം ഉന്നയിക്കാന്‍ ജൂലൈ 11 വരെ പുറത്താക്കപ്പെട്ടവര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്. മാത്രമല്ല നിലവില്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരെ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള പുതിയ പട്ടിക കൂടി ജൂലായ് 31ന് പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാല്‍ ഈ വിവരം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ കുട്ടി ഇത്തരമൊരു കടുംകൈ ചെയ്യില്ലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന പ്രക്രിയയില്‍ നിരവധി ആശയക്കുഴപ്പങ്ങളുണ്ട്. ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് വേണ്ട വിധത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അസം മൈനനോരിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് അബ്ദുള്‍ ഹായി ആരോപിച്ചു.
അതേസമയം, പെണ്‍കുട്ടിയുടെ മരണത്തിന് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്ന് ജരാങ് ജില്ലാ പോലീസ് സൂപ്രണ്ട് അമൃത് ഭുയാന്‍ പറഞ്ഞു. ആത്മഹത്യ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി അനധികൃത കുടിയേറ്റക്കാറുള്ള സംസ്ഥാനമായ അസമില്‍ പൗരത്വ ഭേദഗതിക്കെതിരേ വന്‍ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. പൗരത്വനിയമത്തില്‍ വരുത്തുന്ന ഭേദഗതി അസമില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുന്ന സംഘടനകള്‍ പറയുന്നത്.

Latest News