നീരവ് മോഡിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു 

ന്യൂദൽഹി - കോടികൾ വെട്ടിച്ച് വിദേശത്തേക്ക് കടന്ന ഡയമണ്ട് വ്യാപാരി നീരവ് മോഡിയുടെ  ബാങ്ക് അക്കൗണ്ടുകൾ  സ്വിറ്റ്സർലാൻഡ് ഗവൺമെൻറ് മരവിപ്പിച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. സഹോദരി പൂർവി മോഡിയുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 

286 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് (പി‌എൻ‌ബി) സ്വിസ് ബാങ്കിലേക്ക് മാറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണ് 4 മാസങ്ങൾക്കു മുൻപ് ഇ.ഡി സ്വിറ്റ്സർലാൻഡ് സർക്കാരിനോട് അഭ്യർത്ഥിച്ചത്. പല തലങ്ങളിലൂടെയാണ് പണം സ്വിസ് അക്കൗണ്ടിൽ എത്തിയിരിക്കുന്നത്. ആദ്യം ദുബായിലേക്ക് കടത്തിയ പണം, ഹോങ്കോങ്ങിൽ എത്തിക്കുകയും അവിടെ നിന്ന് സ്വിറ്റ്‌സർലാൻഡിൽ നിക്ഷേപിക്കുകയുമായിരുന്നുവെന്ന് ഡയറക്ടറേറ്റ് വൃത്തങ്ങൾ അറിയിച്ചു. 

വ്യാഴാഴ്ച ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ പതിവ് റിമാൻഡ് വാദം കേൾക്കുന്നതിനായി മോഡി ജയിലിൽ നിന്ന് വീഡിയോലിങ്കിലൂടെ ഹാജരാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

തെക്ക് പടിഞ്ഞാറൻ ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിൽ കഴിയുകയാണ് 48 കാരനായ നീരവ് മോഡി. പഞ്ചാബ് നാഷണൽ ബാങ്ക് (പി‌എൻ‌ബി) തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് മാർച്ചിലാണ് മോഡി അറസ്റ്റിലാകുന്നത്. ജാമ്യത്തിനായുള്ള നാലാമത്തെ അപേക്ഷയും ഈ മാസം ആദ്യം യുകെ ഹൈക്കോടതി നിരസിച്ചിരുന്നു. 

Latest News