ക്വാലാലംപൂര്‍- മലേഷ്യയിലേക്ക് 5000 ലേറെ വെള്ളാമകളെ കടത്താനുള്ള ശ്രമത്തില്‍ രണ്ട് ഇന്ത്യക്കാര്‍ പിടിയിലായി. വീടുകളില്‍ വളര്‍ത്തുന്നതിനു വില്‍ക്കുകയായിരുന്നു ലക്ഷ്യം.
ചൈനയില്‍നിന്ന് 5,255 ചുവന്ന ചെവികളുള്ള വെള്ളാമകളുമായി ക്വാലാലംപൂരിലെ പ്രധാന വിമാനത്താവളത്തില്‍ എത്തിയവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
രണ്ട് സ്യൂട്ട്കേസുകളില്‍ പ്ലാസ്റ്റിക് പാത്രങ്ങളിലായി പായ്ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയ വെള്ളാമകള്‍ക്ക് 52,550 റിംഗിറ്റ് (12,700 ഡോളര്‍) വിലയുണ്ടെന്ന് മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സുല്‍കുര്‍നെയ്ന്‍ മുഹമ്മദ് യൂസഫ് പറഞ്ഞു.
ഏതാനും വെള്ളാമകള്‍ ചത്തുവെങ്കിലും ബഹുഭൂരിഭാഗത്തേയും രക്ഷപ്പെടുത്താന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. ഒറംഗുട്ടാന്‍, കടുവ തുടങ്ങിയ അപൂര്‍വ മൃഗങ്ങള്‍ കടത്തുന്ന കേന്ദ്രമായി മലേഷ്യ മാറിയിട്ടുണ്ട്.