ബംഗളൂരു- ഗ്രാമ സന്ദര്‍ശന പരിപാടിക്കിടെ, വാഹന വ്യൂഹം തടഞ്ഞുനിര്‍ത്തി പരാതി പറയാന്‍ ശ്രമിച്ചവരോട് പൊട്ടിത്തെറിച്ച കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ നടപടി വിവാദമാകുന്നു. നിങ്ങള്‍ മോഡിക്കാണ് വോട്ടു ചെയ്തത് എന്നു പറഞ്ഞ് താപ വൈദ്യുത നിലയത്തിലെ ജീവനക്കാരോട് കുമാരസ്വാമി ദേഷ്യപ്പെടുകയായിരുന്നു.
കുമാരസ്വാമിയുടെ പ്രതികരണം പരാതി പറയാനെത്തിയവരെയും കണ്ടു നിന്നവരെയും അമ്പരപ്പിച്ചു. റായ്ചൂര്‍ ജില്ലയിലെ താപ വൈദ്യുത നിലയത്തിലെ ജീവനക്കാരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞുനിര്‍ത്തി പരാതി പറയാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രി ഗ്രാമങ്ങളില്‍ ചെലവഴിക്കുന്ന 'ഗ്രാമ വാസ്തവ്യ' പരിപാടിയുടെ ഭാഗമായി എത്തിയപ്പോഴായിരുന്നു ഇത്.
നിങ്ങള്‍ വോട്ടു ചെയ്തത് നരേന്ദ്ര മോഡിക്കാണ്. എന്നാല്‍, നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഞാന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നു. നിങ്ങളെ ഞാന്‍ ബഹുമാനിക്കണമെന്ന് പറയുന്നു. എത്രയും വേഗം ഇവിടെ നിന്ന് പിരിഞ്ഞു പോകുന്നതാണ് നല്ലത്. അല്ലെങ്കില്‍ ലാത്തിച്ചാര്‍ജ് നടത്താന്‍ എനിക്ക് നിര്‍ദേശിക്കേണ്ടിവരും -ജനക്കൂട്ടത്തോട് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.
പിന്നീട് ടെലിവിഷന്‍ ചാനലുകളോട് സംസാരിക്കവെ അദ്ദേഹം സംഭവത്തെ ന്യായീകരിച്ചു. വൈദ്യുത നിലയത്തിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 15 ദിവസം നല്‍കണമെന്ന് താന്‍ അഭ്യര്‍ഥിച്ചിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അതിനു ശേഷവും തന്റെ വാഹന വ്യൂഹം തടയാന്‍ ശ്രമിച്ചു. അത് അംഗീകരിക്കാനാവില്ല. ഇതുകൊണ്ടാണ് കടുത്ത ഭാഷയില്‍ പ്രതികരിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ എല്ലാവരോടും സഹിഷ്ണുതയോടെയാണ് പെരുമാറുന്നത്. എന്നാല്‍, ഓരോ സാഹചര്യത്തിലും എങ്ങനെ പെരുമാറണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തി. സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ മുഖ്യമന്ത്രിയാണെന്ന കാര്യം കുമാരസ്വാമി മറന്നുവെന്ന് സംസ്ഥാന ബി.ജെ.പി വക്താവ് എന്‍.രവികുമാര്‍ ആരോപിച്ചു.