Sorry, you need to enable JavaScript to visit this website.

നേതാക്കളുടെ അവസാന ശ്രമവും പാളി; പാറ പോലെ ഉറച്ച് രാഹുല്‍

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് രാഹുല്‍ ഗാന്ധി എത്തുന്നു.

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പാര്‍ട്ടി അധ്യക്ഷപദം ഒഴിയാനുള്ള തന്റെ തീരുമാനം അദ്ദേഹം വീണ്ടും വ്യക്തമാക്കിയത്. അധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള അംഗങ്ങളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള വേദി ഇതല്ല. എല്ലാവരും ഈ അഭ്യര്‍ഥന നടത്തിയ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍  തീരുമാനം അറിയിച്ചിരുന്നതായും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. ശശി തരൂരും മനീഷ് തിവാരിയും അടക്കമുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് അധ്യക്ഷസ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണെന്നും ഈ വേളയില്‍ പദവി ഒഴിയരുതെന്നുമായിരുന്നു നേതാക്കളുടെ അഭ്യര്‍ഥന.
പാര്‍ട്ടി അധ്യക്ഷനായി തുടരുന്നതിന് രാഹുല്‍ ഗാന്ധിയോട് സമ്മര്‍ദം ചെലുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമമുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനും രാഹുല്‍ ഗാന്ധിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം ഒരു വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കടുത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. പുതിയ അധ്യക്ഷനെ പാര്‍ട്ടി തീരുമാനിക്കുമെന്നും ഇക്കാര്യത്തില്‍ താന്‍ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ പാര്‍ട്ടി അധ്യക്ഷനായി വരണമെന്നും രാഹുല്‍ പറഞ്ഞു.


 

 

Latest News