ന്യൂദല്‍ഹി- പ്രതീക്ഷിച്ചതു പോലെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട എ.പി.അബ്ദുല്ലക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു. ബുധനാഴ്ച പാര്‍ലമെന്റില്‍വെച്ച് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നദ്ദയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയില്‍ ചേരാന്‍ മോഡി ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
താന്‍ ദേശീയ മുസ്ലിമായി മാറിയെന്നാണ് ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം. ബി.ജെ.പിയും മുസ്ലിംകളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനു നേരിട്ട വന്‍ പരാജയത്തിനു പിന്നാലെ നരേന്ദ്ര മോഡിയെ സ്തുതിച്ചും ഗാന്ധിയനായി വിശേഷിപ്പിച്ചും അബ്ദുല്ലക്കുട്ടി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കപ്പെട്ടു. സി.പി.എമ്മില്‍നിന്ന് കോണ്‍ഗ്രസിലെത്തി അവിടെ നിന്നാണ് അബ്ദുല്ലക്കുട്ടി ഇപ്പോള്‍ ബി.ജെ.പിയിലെത്തിയിരിക്കുന്നത്.
കാലുമാറ്റമല്ല കാഴ്ചപ്പാട് മാറ്റമാണ് തനിക്ക് സംഭവിച്ചതെന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അബ്ദുല്ലക്കുട്ടി പ്രസംഗിച്ചിരുന്നത്.