Sorry, you need to enable JavaScript to visit this website.

മുത്വലാഖ്‌ ബിൽ  ഒരു സമുദായവുമായും ബന്ധപ്പെടുത്തേണ്ടതില്ലെന്ന് പ്രധാനമന്ത്രി

ന്യൂദൽഹി- മുത്വലാഖ്‌ ബില്ലിൽ കോൺഗ്രസിൻറെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബില്ലിനെ ഒരു സമുദായവുമായി ബന്ധപ്പെടുത്തി, സ്ത്രീകളെ ഇരയാക്കുന്നതിനെ പിന്താങ്ങുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 

മുസ്ലിങ്ങൾ എന്നാൽ കോൺഗ്രസിന് വോട്ട് ബാങ്ക് മാത്രമാണ്. സ്ത്രീ ശാക്തീകരണവും സമത്വവും നടപ്പാക്കാനുള്ള അവസരം രണ്ടു തവണ നഷ്ടപ്പെടുത്തി. 50 കളിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് പകരം ഹിന്ദു കോഡ് ബില്ലാണ് അവർ നടപ്പാക്കിയത്. 80 കളിൽ ഷാ ബാനു കേസിലും കോൺഗ്രസ് അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. ഇന്ന്, മുത്വലാഖ്‌ ബില്ലിലൂടെ സ്ത്രീകളുടെ അന്തസ്സ് ഉയർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇതിനെ ഒരു സമുദായവുമായും ബന്ധപ്പെടുത്തേണ്ടതില്ല - പ്രധാനമന്ത്രി പറഞ്ഞു. 

മുസ്ലിങ്ങളെ ഉയർത്തേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമല്ലെന്നും അവർക്ക് കുഴിയിൽ കഴിയാനാണ് താൽപര്യമെങ്കിൽ അങ്ങനെ ആകട്ടെ എന്നും ഒരു കോൺഗ്രസ് നേതാവ്, ഷാ ബാനു കേസിന്റെ സമയത്ത് നടത്തിയ  പ്രസ്താവന ഉദ്ധരിച്ചു കൊണ്ടും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കോൺഗ്രസ് മാത്രമല്ല, മുത്വലാഖ്‌ ബില്ലിനെ എതിർക്കുന്നത്. എൻ.ഡി.എയിൽ ഉൾപ്പെട്ട നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ്, നവീൻ പട്നയിക്കിന്റെ ബിജു ജനതാദൾ, ആന്ധ്ര പ്രദേശിലെ ഭരണ പാർട്ടിയായ വൈ.എസ്.ആർ കോൺഗ്രസ് എന്നിവയെല്ലാം ബില്ലിനെതിരാണ്. ത്വലാഖ്‌ ചെയ്യുന്ന ഭർത്താവിന് ജയിൽ ശിക്ഷ നൽകുന്നതിനോടാണ് പാർട്ടികളുടെ എതിർപ്പ്. പൗരാവകാശങ്ങളുടെ പരിധിയിൽ വരുന്ന നിയമങ്ങൾക്ക് ജയിൽ ശിക്ഷ നൽകാൻ കഴിയില്ലെന്നും ബിൽ നിലവിലെ രൂപത്തിൽ മുസ്‌ലിംകളെ ഇരയാക്കുന്നതാണെന്നും അവർ പറയുന്നു.

Latest News