ഭുവനേശ്വര്‍- ഒഡീഷയില്‍ തീവണ്ടി എന്‍ജിനുമായി കൂട്ടിയിടിച്ച് ട്രെയിനിന് തീപിടിച്ചു. ഹൗറജഗ്ദല്‍പുര്‍ സമലേശ്വരി എക്‌സ്പ്രസിനാണ് തീപിടിച്ചത്. സംഭവത്തില്‍ മൂന്ന് റെയില്‍വേ ജീവനക്കാര്‍ മരിച്ചു നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന തീവണ്ടി എന്‍ജിനുമായി കൂട്ടിയിടിച്ചാണ് സമലേശ്വരി എക്‌സ്പ്രസിന് തീപിടിക്കുകയും പാളംതെറ്റുകയും ചെയ്തത്. സാഗര്‍, ഗൗരി നായിഡു, സുരേഷ് എന്നീ റെയില്‍വേ ജീവനക്കാരാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഗുരുതരമായി പൊള്ളലേറ്റാണ് ഇവര്‍ മരിച്ചത്.
വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. റായഗഡ ജില്ലയില്‍ സിങ്കപുര്‍കേതഗുഡ സ്‌റ്റേഷനുകള്‍ക്കിടയില്‍വെച്ച് നടന്ന കൂട്ടിയിടിയില്‍ തീവണ്ടിയുടെ രണ്ടു കോച്ചുകള്‍ പാളംതെറ്റി. തീവണ്ടിയുടെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്. എന്‍ജിന്‍ ബോഗിയില്‍നിന്ന് വേര്‍പെടുകയും ചെയ്തു.
സംഭവത്തില്‍ സിങ്കപുര്‍, കേതഗുഡ സ്‌റ്റേഷന്‍ മാസ്റ്റര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണം നടത്താന്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഉത്തരവിട്ടു.