Sorry, you need to enable JavaScript to visit this website.

പത്തു ദിവസത്തിനിടെ സൗദിയിലേക്ക് ഹൂത്തികൾ അയച്ചത് 18 ഡ്രോണുകൾ

റിയാദ് - പത്തു ദിവസത്തിനിടെ സൗദിയിലെ നാലു നഗരങ്ങൾക്കു നേരെ ഹൂത്തികൾ സ്‌ഫോടക വസ്തുക്കള്‍ നിറച്ച പതിനെട്ടു ഡ്രോണുകൾ അയച്ചതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.

ജൂൺ 14 മുതൽ 23 വരെയുള്ള പത്തു ദിവസത്തിനിടെ ഖമീസ് മുശൈത്തിൽ അഞ്ചു ഡ്രോണുകളും അബഹയിൽ രണ്ടു ഡ്രോണുകളും ജിസാനിൽ ആറു ഡ്രോണുകളും ഉപയോഗിച്ച് സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ ഹൂത്തികൾ ആക്രമണങ്ങൾക്ക് ശ്രമിച്ചു.

സൗദി വ്യോമമേഖലയിൽ പ്രവേശിക്കുന്നതിനു മുമ്പായി യെമൻ വ്യോമമേഖലയിൽ വെച്ച് അഞ്ചു ഡ്രോണുകൾ സഖ്യസേന തകർത്തു. ഇറാൻ നിർമിത ശാഹിദ് 129, അബാബീൽ/ഖാസിഫ് ഇനങ്ങളിൽ പെട്ടത് അടക്കമുള്ള ഡ്രോണുകളാണ് ഹൂത്തികൾ ഉപയോഗിക്കുന്നത്. 


കഴിഞ്ഞ ദിവസം വരെ സൗദി അറേബ്യക്കു നേരെ 226 ബാലിസ്റ്റിക് മിസൈലുകളും 7,20,056 ഷെല്ലുകളും ഉപയോഗിച്ച് ഹൂത്തികൾ ആക്രമണങ്ങൾക്ക് ശ്രമിച്ചിട്ടുണ്ട്. സഖ്യസേന അബദ്ധത്തിലും ലക്ഷ്യം പിഴച്ചും നടത്തിയ ആക്രമണങ്ങളിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് തുടങ്ങിയിട്ടുണ്ട്. ആറു സംഭവങ്ങളിലായി പരിക്കുകൾ പറ്റിയ 113 പേർക്ക് 25,90,000 റിയാൽ ഇതിനകം വിതരണം ചെയ്തു. 145 ആക്രമണങ്ങളിൽ പരിക്കുകളും നാശനഷ്ടങ്ങളും നേരിട്ടതായി വാദിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ 18 ആക്രമണങ്ങളിൽ പരിക്കുകളും നാശനഷ്ടങ്ങളും നേരിട്ടവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആറു ആക്രമണങ്ങളിൽ പരിക്കുകളും നാശനഷ്ടങ്ങളും നേരിട്ടവർക്ക് ഇതിനകം നഷ്ടപരിഹാരം വിതരണം ചെയ്തു. 


പൈലറ്റില്ലാ വിമാനങ്ങളും സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകളും ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തി പ്രകോപനം സൃഷ്ടിക്കുന്നതിനാണ് ഹൂത്തികൾ ശ്രമിക്കുന്നത്. ജൂൺ 12 ന് അബഹ അന്താരാഷ്ട്ര എയർപോർട്ടിനു നേരെ 'യാ അലി' ഇനത്തിൽ പെട്ട ഇറാൻ ക്രൂയിസ് മിസൈൽ ഉപയോഗിച്ചാണ് ഹൂത്തികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 26 പേർക്ക് പരിക്കേറ്റിരുന്നു. ഇറാൻ റെവല്യൂഷനറി ഗാർഡ് നിർമിച്ച ഈ മിസൈൽ 2018 ഒക്‌ടോബറിനു ശേഷമാണ് ഇറാനിൽ നിർമിച്ച് യെമനിലേക്ക് കടത്തിയതെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇറാൻ റെവല്യൂഷനറി ഗാർഡ് ഭീകര ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്നതും ആയുധങ്ങൾ എത്തിച്ചു നൽകുന്നതും തുടരുന്നതിന് തെളിവാണിത്. 
യെമനിൽ സഖ്യസേന സൈനിക നടപടി ആരംഭിച്ച 2014 മാർച്ച് 26 മുതൽ കഴിഞ്ഞ ദിവസം വരെ റിലീഫ് വസ്തുക്കളും നിത്യോപയോഗ വസ്തുക്കളും എത്തിക്കുന്നതിനും റിലീഫ് പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയും 48,337 ലൈസൻസുകൾ സഖ്യസേന അനുവദിച്ചിട്ടുണ്ട്. 


ജൂൺ പത്തു മുതൽ 24 വരെയുള്ള ദിവസങ്ങളിൽ സഖ്യസേന നടത്തിയ ആക്രമണങ്ങളിൽ 560 ഹൂത്തികൾ കൊല്ലപ്പെട്ടു. ഡ്രോൺ നിർമാണ കേന്ദ്രങ്ങൾ, സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ച് ഡ്രോണുകൾ ആക്രമണങ്ങൾക്ക് തയാറാക്കുന്ന കേന്ദ്രങ്ങൾ, ആയുധങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ, ആയുധങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങൾ, 'സാം 6' ഇനത്തിൽ പെട്ട മിസൈലുകൾ സൂക്ഷിച്ച കേന്ദ്രങ്ങൾ, സൈനിക പരിശീലന കേന്ദ്രങ്ങൾ എന്നിവയെല്ലാം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിൽ സഖ്യസേന ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. 
സൻആയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച് ഡ്രോണുകൾ തയാറാക്കുന്ന കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിൽ വിദേശ വിദഗ്ധർ കൊല്ലപ്പെട്ടതായും കേണൽ തുർക്കി അൽമാലികി പറഞ്ഞു. ഹൂത്തി കേന്ദ്രങ്ങളിൽ സഖ്യസേന നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകളും പത്രസമ്മേളനത്തിൽ വെച്ച് കേണൽ തുർക്കി അൽമാലികി പുറത്തുവിട്ടു. സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട, വ്യത്യസ്ത ഇനങ്ങളിൽ പെട്ട മൂന്നു ഡ്രോണുകൾ സഖ്യസേന തകർക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് അൽഅറബിയ, അൽഹദസ് ചാനലുകളുലെ യുദ്ധ റിപ്പോർട്ടറായ സൗദി മാധ്യമപ്രവർത്തകൻ ഹാനി അൽസുഫ്‌യാനും പുറത്തുവിട്ടു. 

 

Latest News