വാദി ദവാസിർ - മയക്കുമരുന്ന് കടത്തുന്നതിന് ശ്രമിച്ച സൗദി യുവാവിനെ മുതലഥ് ചെക്ക് പോസ്റ്റിൽ വെച്ച് സുരക്ഷാ സൈനികർ പിടികൂടി. ഏറ്റവും പുതിയ മോഡൽ കാറിൽ അസീറിൽ നിന്ന് റിയാദിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് 30 കാരൻ പിടിയിലായത്.
ചെക്ക് പോസ്റ്റിൽ വെച്ച് വാഹനത്തിന്റെയും ഡ്രൈവറുടെയും രേഖകൾ പരിശോധിക്കുന്നതിന് സുരക്ഷാ സൈനികർ കാർ തടഞ്ഞുനിർത്തിയതോടെ യുവാവിന്റെ മുഖത്തെ പരിഭ്രമം കണ്ട് വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട പരിശോധനക്കിടെ കാറിന്റെ സ്റ്റെപ്പിനി ടയറിനകത്ത് ഒളിപ്പിച്ച നിലയിൽ പത്തു പേക്കറ്റ് ഹഷീഷ് കണ്ടെത്തി. തുടർ നടപടികൾക്കായി തൊണ്ടി സഹിതം പ്രതിയെ പിന്നീട് ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റിന് കൈമാറി.