അലിഗഡ്- ഉത്തര്‍പ്രദേശിലെ സമോസ വില്‍ക്കുന്ന വഴിയോര കച്ചവടക്കാരന്റെ വരുമാനം എത്രയാണെന്നോ, ഒരു കോടി. ഇതറിഞ്ഞ ആദായവകുപ്പും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. 60 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലാണ് സമോസ കച്ചവടക്കാരനായ മുകേഷിന്റെ വാര്‍ഷിക വിറ്റുവരവെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ മുകേഷ് കചോരി എന്ന സ്ഥാപനത്തിന്റെ ഉടമയായ മുകേഷിന് നികുതി അടക്കാത്തതിനും ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കാത്തതിനും നോട്ടീസ് നല്‍കി.
അലിഗഡിലെ സീമ സിനിമാഹാളിനു അടുത്തുള്ള ഒരു ചെറിയ കടയാണ് 'മുകേഷ് കചോരി' എന്നറിയപ്പെടുന്ന ഈ സ്ഥാപനം. ഉത്തരേന്ത്യന്‍ പലഹാരമായ കചോരിയും,സമോസയുമാണ് ഇവിടത്തെ പ്രധാന വിഭവങ്ങള്‍. രാവിലെ മുതല്‍ രാത്രിവരെ തുറന്നിരിക്കുന്ന ഈ കടയില്‍ എപ്പോഴും തിരക്കാണ്. ചിലപ്പോള്‍ കടയ്ക്ക് മുന്നില്‍ ക്യു ഉണ്ടായിരിക്കും.
പ്രദേശത്തെ ഏറ്റവും ജനപ്രിയമായ കടയാണിത്. എന്നാല്‍ അടുത്തിടെ ആരോ ഒരാള്‍ ആദായ നികുതി വകുപ്പിന് മുകേഷ് കചോരി എന്ന സ്ഥാപനം നികുതി വെട്ടിക്കുന്നതായി പരാതി നല്‍കിയാതോടെയാണ് ആദായവകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടത്.
സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ നികുതി വകുപ്പ് ഇന്‍സ്‌പെക്ടര്‍മാരുടെ ഒരു സംഘം കടയുടെ സമീപത്ത് ഒരു ദിവസം മുഴുവന്‍ തമ്പടിച്ചു. കടയിലെ തിരക്കും വരുന്നവരെയും പോകുന്നവരെയും നിരന്തരം നിരീക്ഷിച്ച് കൊണ്ടേയിരുന്നു.
പ്രതിദിനം ആ കൊച്ചുകടയില്‍ നടക്കുന്ന കച്ചവടത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന കണക്കുകളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. മാത്രമല്ല മുകേഷ് കചോരിയെന്ന സ്ഥാപനത്തെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഇതിന് ജിഎസ്ടി രജിസ്‌ട്രേഷനില്ലെന്ന് കണ്ടെത്തി. സ്ഥാപനത്തിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തില്‍ മുകേഷ് 60 ലക്ഷം മുതല്‍ ഒരു കോടിയോളം രൂപ വരെ പ്രതിവര്‍ഷം സമ്പാദിക്കുന്നുണ്ടെന്നും മനസിലായി. ഇതോടെയാണ് മുകേഷിനെതിരെ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. എന്നാല്‍ താന്‍ കഴിഞ്ഞ 12 വര്‍ഷമായി ഇതേ സ്ഥലത്ത് കച്ചവടം നടത്തുന്നുണ്ടെന്നാണ് നോട്ടീസ് കൈപ്പറ്റിയ മുകേഷ് പ്രതികരിച്ചത്. ഇത്തരം നടപടിക്രമങ്ങളെ കുറിച്ച് അറിവില്ലായിരുന്നുവെന്നും, സാധാരണക്കാരനായ ഒരു കചോരി വില്‍പ്പനക്കാരന്‍ മാത്രമാണ് താനെന്നുമാണ് ഇദ്ദേഹത്തിന്റെ മറുപടി.
എന്നാല്‍ ഇദ്ദേഹം ആദായ നികുതി വകുപ്പ് അധികൃതര്‍ക്ക് വരവ് ചെലവ് കണക്കുകള്‍ നല്‍കി. ഇതിന് പുറമെ അസംസ്‌കൃത വസ്തുക്കള്‍, എണ്ണ, പാചക വാതകം എന്നിവയുടെ വിശദാംശങ്ങളും കൈമാറിയെന്നും അധികൃതര്‍ അറിയിച്ചു.