Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൂന്നാം ദിവസവും ഫോണുകള്‍ പിടിച്ചു

കണ്ണൂര്‍ - കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തുടര്‍ച്ചയായി മൂന്നാം ദിവസം നടത്തിയ റെയ്ഡില്‍ പത്തു മൊബൈല്‍ ഫോണുകളും നാല് പവര്‍ ബാങ്കുകളും കണ്ടെത്തി. പിടിച്ചെടുത്തവയില്‍ നാലെണ്ണം സ്മാര്‍ട് ഫോണുകളാണ്. രാഷ്ട്രീയ തടവുകാര്‍ പാര്‍ക്കുന്ന ആറാം ബ്ലോക്കില്‍നിന്നാണ് ഏറ്റവുമധികം ഫോണുകള്‍ പിടിച്ചെടുത്തത്.
ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിര്‍ദേശ പ്രകാരം ഇന്നലെ പുലര്‍ച്ചെയാണ് തടവുകാര്‍ അറിയാതെ റെയ്ഡ് ആരംഭിച്ചത്. ഇത് മണിക്കൂറുകള്‍ നീണ്ടു. ജയിലിലെ എല്ലാ ബ്ലോക്കുകളിലും പരിശോധന നടന്നു. എന്നാല്‍ 2, 6, 5, 7 ബ്ലോക്കുകളില്‍ നിന്നാണ് മൊബൈലുകളും കഞ്ചാവു പൊതികളും കണ്ടെടുത്തത്. നിലത്തും ചുവരിലും പ്രത്യേക അറകളുണ്ടാക്കിയാണ് മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചിരുന്നത്. സെല്ലിന്റെ വരാന്തയുടെ ഉത്തരത്തിലും ചില ഫോണുകള്‍ ഒളിപ്പിച്ചിരുന്നു. ജയില്‍ സൂപ്രണ്ട് ടി.ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മൂന്നു ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ ഇതുവരെ 19 മൊബൈല്‍ ഫോണുകളും നാല് പൊതി കഞ്ചാവും അടക്കം നിരവധി സാധനങ്ങളാണ് കണ്ടെടുത്തത്.
ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ആദ്യ ദിന പരിശോധന നടന്നത്. ഇതിലാണ് മൊബൈലുക
ളും കഞ്ചാവും ആയുധങ്ങളും അടക്കമുള്ളവ കണ്ടെത്തിയത്. പിറ്റേന്ന് നടത്തിയ പരിശോധനയിലും മൂന്ന് മൊബൈലുകളും കഞ്ചാവ് പൊതിയും കണ്ടെടുത്തു. മൊബൈല്‍ ഉപയോഗിക്കുന്നുവെന്നു തെളിഞ്ഞ മൂന്ന് തടവുകാരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായത്തോടെ അന്യായമായ സൗകര്യങ്ങള്‍ അനുഭവിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പല ക്രമക്കേടുകളും ഈ പരിശോധനയില്‍ കണ്ടെത്തി. അന്യായമായി നല്‍കിയ മുഴുവന്‍ പരോളുകളും റദ്ദു ചെയ്യാന്‍ അന്നു തന്നെ ജയില്‍ ഡി.ജി.പി ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തുടര്‍ച്ചയായി റെയ്ഡ് നടത്താനും ഇതിന്റെ റിപ്പോര്‍ട്ടു നല്‍കാനും നിര്‍ദ്ദേശിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ലക്ഷങ്ങള്‍ ചെലവഴിച്ച് മൊബൈല്‍ ജാമറുകള്‍ സ്ഥപിച്ചിരുന്നുവെങ്കിലും തടവുകാര്‍ ഇതില്‍ കറിയുപ്പിട്ട് കേടു വരുത്തുന്നത് പതിവായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരുടെ നേരിട്ടു നിരീക്ഷണത്തിലുള്ള സ്ഥലങ്ങളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് അറിയുന്നത്.

 

Latest News