ഗ്വാളിയർ- ബാലാക്കോട്ടെ ജെയ്ഷെ മുഹമ്മദ് ക്യാമ്പുകൾ തകർക്കാനായി നടത്തിയ സർജിക്കൽ സ്ട്രൈക്ക് വെറും 90 സെക്കൻഡുകൾ കൊണ്ട് അവസാനിച്ചുവെന്ന് പൈലറ്റുമാർ. അതീവ രഹസ്യമായി നടത്തിയ സൈനിക നീക്കത്തെ കുറിച്ച് അടുത്ത ബന്ധുക്കൾക്ക് പോലും അറിയില്ലായിരുന്നു. സൈനിക നീക്കത്തിലുണ്ടായിരുന്ന രണ്ട് ഐ.എ.എഫ് പൈലറ്റുമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എല്ലാം 90 സെക്കൻഡുകൾ കൊണ്ട് കഴിഞ്ഞു. ആയുധം വിട്ടയച്ച ശേഷം ഞങ്ങൾ ഉടനടി അവിടെ നിന്ന് കടക്കുകയായിരുന്നു. മിറാഷ് 2000 യുദ്ധവിമാനങ്ങളിൽ ഒന്നിൻറെ പൈലറ്റായിരുന്ന ഒരാൾ വെളിപ്പെടുത്തി. അടുത്ത കുടുംബാംഗങ്ങൾക്കു പോലും സൂചനയില്ലായിരുന്നുവെന്ന് പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
അടുത്ത ദിവസം, വാർത്തകൾ പുറത്തു വന്നതിനു ശേഷമാണ് ഭാര്യ എന്നോട് സ്‌ട്രൈക്കിൽ പങ്കെടുത്തിരുന്നോ എന്ന് ചോദിക്കുന്നത്. ഒന്നും മിണ്ടാതെ കിടന്നുറങ്ങുകയായിരുന്നു ഞാൻ. -അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 25 ന് വൈകുന്നേരം 4 മണിയോടെ സ്പൈസ് -2000 [മിസൈലുകൾ] മിറാഷ് 2000 ൽ കയറ്റി തയ്യാറെടുത്തുവെന്നും രാത്രി 2 മണിക്കാണ് പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെക്കുറിച്ച് സൂചന നൽകാതിരിക്കാൻ മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർ അവരുടെ ദിനചര്യകളിൽ മാറ്റം വരുത്തിയില്ല. ആർക്കും സംശയം തോന്നാതിരിക്കാൻ വ്യോമസേനയുടെ യുദ്ധസന്നാഹം ഒരു വളഞ്ഞ റൂട്ടിലൂടെ പറന്നു കൊണ്ട് ആക്രമണത്തിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. രാജ്യത്തിൻറെ കിഴക്കൻ ഭാഗത്തു കൂടെ പറന്ന ഞങ്ങൾ കശ്മീരിലെത്തിയപ്പോൾ റേഡിയോ നിശബ്ദതയിലേക്ക് പോയി. പാകിസ്ഥാൻ പോരാളികൾ ഞങ്ങളുടെ അടുത്തെങ്ങും ഉണ്ടായിരുന്നില്ല,” - രണ്ടാമത്തെ പൈലറ്റ് കൂട്ടിച്ചേർത്തു.
ഖൈബർ പക്തുന്കവ പ്രവിശ്യയിലുള്ള ജെയ്ഷെ മുഹമ്മദ് ക്യാമ്പ് തകർക്കുന്നതിനായിരുന്നു ബാലാക്കോട്ട് സൈനീക ആക്രമണം നടത്തിയത്. ഫെബ്രുവരി 14 ന് പുൽവാമയിലുണ്ടായ തീവ്രവാദ ആക്രമണത്തിന് പകരമായാണ് 48 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ പോർ വിമാനങ്ങൾ പാക്കിസ്ഥാൻ വ്യോമാതിർത്തി കടക്കുന്നത്.