ന്യൂദല്‍ഹി- ഈ വര്‍ഷം രണ്ട് ലക്ഷം ഇന്ത്യക്കാര്‍ ഹജ് നിര്‍വഹിക്കുമെന്നും ഇത് റെക്കോര്‍ഡാണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി അറിയിച്ചു. ഹജ് നിര്‍വഹിക്കുന്നവരില്‍ ഈ വര്‍ഷം 48 ശതമാനം വനിതകളാണ്. പുരുഷ ബന്ധുക്കളില്ലാതെ (മെഹ്‌റം) 2340 സ്ത്രീകള്‍ ഇക്കുറി ഹജിനു പോകും. കഴിഞ്ഞ വര്‍ഷം ഇവര്‍ 1180 ആയിരുന്നു. പ്രായമായ സ്ത്രീകളെ മെഹ്‌റമില്ലാതെ തന്നെ ഹജിനു പോകാന്‍ സൗദി അറേബ്യ അനുവദിക്കുന്നുണ്ട്. ഇവര്‍ക്ക് നറുക്കെടുപ്പില്ലാതെയാണ് അനുമതി നല്‍കിയത്.
ഹജ് ക്വാട്ട വര്‍ധിച്ചതിനാല്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ എല്ലാ അപേക്ഷകര്‍ക്കും ഇക്കുറി ഹജിന് അവസരമുണ്ടെന്ന് മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായാണ് രണ്ട് ലക്ഷം തീര്‍ഥാടകര്‍ യാതൊരുവിധ സബ്‌സിഡിയുമില്ലാതെ ഹജിനു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്നായി 500 ലേറെ വിമാനങ്ങിലാണ് ഹാജിമാര്‍
പുറപ്പെടുക. 1.40 ലക്ഷം തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി വഴിയും 60,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് ഹജ് നിര്‍വഹിക്കുന്നത്.