ബംഗളൂരു- ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുന്നതിനായി വായുവില്‍ മലക്കംമറിയുന്ന വിഡിയോ ചിത്രീകരിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ 19 കാരന്‍ മരിച്ചു. കര്‍ണാടകയിലെ തുമകൂരു സ്വദേശി കുമാറാണ് എട്ടുദിവസത്തിനുശേഷം ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ മരിച്ചത്.
ഈ മാസം 15-നാണ് വിഡിയോ ചിത്രീകരണത്തിനിടെ നിലത്തുവീണ് കുമാറിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. മരണത്തിന് ഇടയാക്കിയ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സുഹൃത്തിന്റെ കൈകളില്‍ ചവിട്ടി വായുവിലൂടെ പുറകോട്ട് മലക്കംമറിയുന്നതാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. തലകുത്തിവീണ യുവാവിന്റെ കഴുത്ത് മടങ്ങിപ്പോകുന്നതും വിഡിയോയില്‍ കാണാം.
ടിക് ടോക്കില്‍ വീഡിയോകള്‍ ചെയ്ത് പ്രശസ്തനായാല്‍ റിയാലിറ്റി ഷോയിലുള്‍പ്പെടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രദേശത്തെ നൃത്തസംഘത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു കുമാര്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
ചെറിയ വിഡിയോകള്‍ സ്വന്തമായി ചിത്രീകരിച്ച് ഷെയര്‍ ചെയ്യാന്‍ സൗകര്യമൊരുക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക്ക് പലപ്പോഴും വിവാദം സൃഷ്ടിക്കാറുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതികള്‍ വ്യാപകമായതോടെ ഏപ്രിലില്‍ മദ്രാസ് ഹൈക്കോടതി ടിക് ടോക് നിരോധിച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.