Sorry, you need to enable JavaScript to visit this website.

സൗദിയിലെ വനിതകള്‍ മാറിത്തുടങ്ങി; കാറുകള്‍ മാത്രമല്ല, സ്വാതന്ത്ര്യവും ലഭിച്ചു

ജിദ്ദ- വനിതകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ സൗദി അറേബ്യയിലെ വനിതകളുടെ ജീവിതരീതികളില്‍ മാറ്റം കണ്ടുതുടങ്ങിയെന്ന് സൗദി പത്രപ്രവര്‍ത്തക ലുല്‍വ ശല്‍ഹൂബ്.

വനിതകള്‍ കാറുകളുമായി നിരത്തിലിറങ്ങുന്നത് കുറവാണെങ്കിലും ഭാവിയില്‍ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും ഡ്രൈവിംഗ് പരിശീലനത്തിന് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.

പൊതുഗതാഗത സംവിധാനം കുറവായതിനാല്‍ രാജ്യത്ത് കാറുകള്‍ എല്ലാവര്‍ക്കും അത്യാവശ്യമാണ്. പതിറ്റാണ്ടുകളോളം സ്ത്രീകള്‍ക്ക് കാറുകള്‍ വാങ്ങാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും ഓടിക്കാന്‍ സാധ്യമായിരുന്നില്ല. ആ കാലം മാറിക്കഴിഞ്ഞു. ഇന്ന് ജോലി സ്ഥലത്തേക്ക് പോകാനും റെസ്‌റ്റോറന്റുകളിലും കഫേകളിലും സുഹൃത്തുക്കളെ കാണാനും അവര്‍ക്ക് ഹൗസ് ഡ്രൈവറെയോ ആണ്‍ ബന്ധുക്കളെയോ തേടി നടക്കേണ്ടതില്ല. തന്റെ ലക്ഷ്യസ്ഥാനം ആരുമായും പങ്കുവെക്കേണ്ടതുമില്ല. ഡ്രൈവിംഗ് നിരോധനം നീക്കിയതോടെ കാറോടിക്കാനുള്ള അനുമതി മാത്രമല്ല ഉടമസ്ഥാവകാശവും സ്വാതന്ത്ര്യവും ലഭിച്ചുവെന്ന ബോധവും വനിതകള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ കാരണമായി. മാത്രമല്ല സ്വകാര്യമേഖലയില്‍ സ്ത്രീകളുടെ ശമ്പളത്തിലും വര്‍ധനവുണ്ടായി.

ഹൗസ് ഡ്രൈവറെ നിയമിക്കുകയെന്നത് ഏറെ ചെലവുള്ള കാര്യമാണ്. ഒരു മാസം ശമ്പളയിനത്തില്‍ മാത്രം 670 ഡോളറോളം ചെലവു വരും. വിസ ചാര്‍ജുകളും മെഡിക്കല്‍ പരിശോധന, ഡ്രൈവിംഗ് പരിശീലന ചെലവും ലൈസന്‍സ് ചാര്‍ജും ഈ കുടുംബങ്ങള്‍ തന്നെ വഹിക്കേണ്ടതുണ്ടായിരുന്നു. ടാക്‌സികളെ ആശ്രയിക്കേണ്ടിവരുന്നത് അതിലേറെ സാമ്പത്തിക ബാധ്യതയായിരുന്നു. 10 മിനുട്ട് യാത്രക്ക് 15 റിയാല്‍ വരെ നല്‍കണം. എന്നാല്‍ ഇന്ന് ആ പണമെല്ലാം അവര്‍ക്ക് അവരുടെ സ്വന്തം കാറില്‍ തന്നെ ചെലവാക്കാം.

റോഡുകള്‍ സ്ത്രീകള്‍ കൂടി പങ്കിട്ടെടുക്കാന്‍ തുടങ്ങിയതോടെ ട്രാഫിക് സൈന്‍ബോര്‍ഡുകളിലും മറ്റും നിര്‍ദേശങ്ങളെഴുതിവെക്കുന്നയിടത്ത് സ്ത്രീകളെ കൂടി അഭിസംബോധന ചെയ്യുന്ന നിലയില്‍ ക്രമീകരിച്ചിട്ടുണ്ടെന്നത് എടുത്ത് പറയേണ്ടതാണ്. ഏറെ കാലം പുരുഷന്‍മാര്‍ മാത്രമുണ്ടായിരുന്ന പൊതു സ്ഥലങ്ങളില്‍ ഇന്ന് വനിത സാന്നിധ്യം കൂടുതല്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ വരെ വനിതകളുടെ ടാക്‌സികാറുകളും ഓടുന്നുണ്ട്. റോഡുകളില്‍ സുരക്ഷിതത്വം ലഭിക്കുന്നുണ്ടെന്നും പുരുഷന്മാരില്‍ നിന്ന് പ്രയാസങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ പുരുഷന്മാര്‍ക്ക് സമാനമായ രീതിയില്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇല്ലാത്തത് കാരണം വനിതകള്‍ ഡ്രൈവിംഗ് പരിശീലനത്തിന് ഇപ്പോള്‍ ക്യുവിലാണ്. സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ പുരുഷ രക്ഷിതാവിന്റെ അനുമതി ആവശ്യമുണ്ടെങ്കിലും ഡ്രൈവിംഗ് ലൈസന്‍സെടുക്കാന്‍ അത്തരം നിബന്ധനകളില്ല. വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതിയെന്ന പ്രധാന തീരുമാനം നടപ്പായതോടെ മറ്റുകാര്യങ്ങള്‍ എല്ലാം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ലുല്‍വ ശല്‍ഹൂബ് പറഞ്ഞു.

 

Latest News