ഉര്‍ദുഗാന് വന്‍ തിരിച്ചടി; ഇസ്താംബൂളില്‍ ജയം വീണ്ടും പ്രതിപക്ഷത്തോടൊപ്പം

ഇക്രം ഇമാമോഗ്ലു

ഇസ്താംബൂള്‍- തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഇസ്താംബൂള്‍ നഗരത്തിന്റെ ഭരണം ഭരണകക്ഷിക്ക് നഷ്ടപ്പെട്ടു.

രണ്ടാമതും നടന്ന മേയര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഇക്രം ഇമാമോഗ്ലു 54% വോട്ട് നേടി.

മാര്‍ച്ചില്‍ നടന്ന വോട്ടെടുപ്പില്‍ ഇക്രം അപ്രതീക്ഷിത വിജയം കരസ്ഥമാക്കിയിരുന്നുവെങ്കിലും   ഭരണകക്ഷിയായ എ.കെ പാര്‍ട്ടി ക്രമക്കേട് ആരോപിച്ചതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു.

എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ ബിന്‍അലി യില്‍ദിരിം പരാജയം സമ്മതിച്ചു. പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ വിജയിയെ അഭിനന്ദിച്ചു. പ്രാഥമിക ഫലങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇക്രം ഇമാമോഗ്ലുവിനെ അഭിനന്ദിക്കുന്നുവെന്ന് ഉര്‍ദുഗാന്‍ ട്വീറ്റ് ചെയ്തു.

ഇസ്താംബൂളില്‍ വിജയിക്കുന്നയാള്‍ ആരായാലും തുര്‍ക്കിയില്‍ വിജയിച്ചുവെന്ന് പറഞ്ഞിരുന്ന ഉര്‍ദുഗാന് ഈ തെരഞ്ഞെടുപ്പ് ഫലം വന്‍ തിരിച്ചടിയാണ്.

നഗരത്തിനും രാജ്യത്തിനും ഇത് പുതിയ തുടക്കമാണെന്ന് വിജയത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ ഇമാമോഗ്ലു പറഞ്ഞു.
ഞങ്ങള്‍ ഇസ്താംബൂളില്‍ ഒരു പുതിയ പേജ് തുറക്കുകയാണ്, ഈ പുതിയ പേജില്‍ നീതി, സമത്വം, സ്‌നേഹം എന്നിവ ഉണ്ടാകും-അദ്ദേഹം പറഞ്ഞു.  പ്രസിഡന്റ് ഉര്‍ദുഗനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ സന്നദ്ധനാണെന്നും ഇക്രം ഇമാമോഗ്ലു പറഞ്ഞു.
7,75,000 ത്തിലധികം വോട്ടുകള്‍ നേടിയ ഇമാമോഗ്ലു മാര്‍ച്ചില്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് ഇക്കുറി കരസ്ഥമാക്കിയത്.  മാര്‍ച്ചില്‍ 13,000 വോട്ട് മാത്രമായിരുന്നു ഭൂരിപക്ഷം.

 

 

Latest News