റിയാദ്- സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ യെമനിലെ ഹൂത്തി ഭീകരര്‍ നടത്തിയ ആക്രമണത്തെ വിവിധ രാജ്യങ്ങള്‍ ശക്തിയായി അപലപിച്ചു.
ഞായര്‍ രാത്രി നടന്ന ആക്രമണത്തില്‍ ഒരു വിദേശി മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിനു സിവിലിയന്മാര് ദിവസവും യാത്ര ചെയ്യുന്ന എയര്‍പോര്‍ട്ടിനു നേരെ നടന്ന ആക്രമണത്തില്‍ മരിച്ചത് സിറിയന്‍ പൗരന്മാണെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി സ്ഥിരീകരിച്ചു. ഏതുതരത്തലുള്ള ആയുധമാണ് ഹൂത്തികള്‍ ഉപയോഗിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇതേ എയര്‍പോര്‍ട്ടില്‍ ഈ മാസാദ്യം നടത്തിയ ആക്രമണത്തില്‍ 26 സിവിലിയന്മാര്ക്ക് പരിക്കേറ്റിരുന്നു.
സിവിലയന്മാരേയും സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ആക്രമണം എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളും ലംഘിക്കുന്നതാണെന്ന് യെമനി വിദേശ മന്ത്രാലയം പ്രസ്തവനയില്‍ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കുന്നതില്‍ ഹൂത്തികള്‍ക്ക് താല്പര്യമില്ലെന്നും അവര്‍ ഇറാന്റെ സ്വാധീനത്തിലാണെന്ന് തെളിയിക്കുന്നതുമാണ് ആക്രമണമെന്ന് പ്രസ്താവനയില്‍ തുടര്‍ന്നു. ആക്രമണത്തെ അപലപിക്കാനും അന്താരാഷ്ട്ര പ്രമേയങ്ങള്‍ മാനിക്കുന്നതിന് ഹൂത്തികളില്‍ സമ്മര്‍ദം ചെലുത്താനും അന്താരാഷ്ട്ര സമൂഹവും യു.എന്‍ രക്ഷാസമിതിയും തയാറാകണമെന്ന് യെമന്‍ ആവശ്യപ്പെട്ടു.
യു.എ.ഇ, ഈജിപ്ത്, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്, കുവൈത്ത്, ബഹ്റൈന്‍, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളും ഹൂത്തി ആക്രമണത്തെ ശക്തിയായി അപലിച്ചു.