ജിദ്ദ - കാർ കവരുകയും വിദേശ തൊഴിലാളിയെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയും ചെയ്ത സംഘത്തിനു വേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം നടത്തുന്നു. ദക്ഷിണ ജിദ്ദയിലെ കിലോ എട്ടിലെ പെട്രോൾ ബങ്കിൽ ഓഫാക്കാതെ നിർത്തി ഡ്രൈവർ പുറത്തിറങ്ങിയ തക്കത്തിലാണ് സംഘം പുതിയ മോഡൽ കാർ കവർന്നത്. പിന്നീട് ഈ കാറിൽ സഞ്ചരിച്ച് ഖുവൈസ ഡിസ്ട്രിക്ടിൽ വിദേശ തൊഴിലാളിയെ ആക്രമിച്ച് സംഘം മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു.
സൗദി പൗരൻ മുഹമ്മദ് അൽഉവൈദിയുടെ കാറാണ് സംഘം കവർന്നത്. രണ്ടാഴ്ച മുമ്പാണ് താൻ കാർ വാങ്ങിയതെന്ന് മുഹമ്മദ് അൽഉവൈദി പറഞ്ഞു. കിലോ എട്ടിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിലാണ് കാർ മോഷണം പോയത്. തന്റെ സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളിയാണ് കാർ ഓടിച്ചിരുന്നത്. പെട്രോൾ ബങ്കിൽ ഓഫാക്കാതെ കാർ നിർത്തി തൊഴിലാളി പുറത്തിറങ്ങി ബങ്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലേക്ക് കയറിപ്പോയ സമയത്ത് ബങ്കിൽ മറ്റൊരു കാറിലുണ്ടായിരുന്ന നാലംഗ സംഘത്തിൽ ഒരാൾ വാഹനത്തിൽനിന്ന് ഇറങ്ങി കാർ കവർന്ന് രക്ഷപ്പെടുകയായിരുന്നു. ഇതേക്കുറിച്ച് താൻ സൗത്ത് ജിദ്ദ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇതേ സമയത്തു തന്നെ അൽമുൻതസഹാത്ത് പോലീസ് സ്റ്റേഷനിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ട് തന്നോട് സ്റ്റേഷനിൽ ഹാജരാകുന്നതിന് ആവശ്യപ്പെട്ടു. ഏഷ്യൻ വംശജനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നതിന് തന്റെ കാർ സംഘം ഉപയോഗിച്ചതായി അൽമുൻതസഹാത്ത് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ വ്യക്തമായി. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് പെട്രോൾ ബങ്കിൽനിന്ന് തന്റെ കാർ സംഘം മോഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ബങ്കിലെ സി.സി.ടി.വി ചിത്രീകരിച്ചിട്ടുണ്ട്. ഈ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികളെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് സുരക്ഷാ വകുപ്പുകൾക്ക് സാധിക്കുമെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും മുഹമ്മദ് അൽഉവൈദി പറഞ്ഞു.