ബംഗളൂരു- അമേരിക്കയില്‍ 2017 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെ 9100 പേരെ റിക്രൂട്ട് ചെയ്തതായി ഐ.ടി ഭീമന്‍ ഇന്‍ഫോസിസ് വെളിപ്പെടുത്തി.
10,000 അമേരിക്കന്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുകയെന്ന ലക്ഷ്യം ഏതാണ്ട് പൂര്‍ത്തിയായി. യു.എസ് ജോലിക്കാരെ നിയോഗിച്ചത് ബിസിനസ് ശക്തമാക്കാന്‍ സഹായിച്ചതായും കമ്പനി വ്യക്തമാക്കുന്നു.
കഴിവും ശേഷിയുമുള്ളവരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്തു കൊണ്ടുവരണമെന്ന സ്ഥിതിക്ക് ഇതോടെ മാറ്റമുണ്ടായതായും ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റംഗ് ഓഫീസര്‍ യു.ബി. പര്‍വീണ്‍ റാവു പറഞ്ഞു. കമ്പനിയൂടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നാല് ടെക്‌നോളജി, ഇന്നവേഷന്‍ ഹബുകള്‍ സ്ഥാപിച്ച് രണ്ടു വര്‍ഷം കൊണ്ട് 10,000 അമേരിക്കക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് 2017 മേയിലാണ് ഇന്‍ഫോസിസ് പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങള്‍ വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ബംഗളൂരു ആസ്ഥാനമായ ഇന്‍ഫോസിസ് അതതുരാജ്യങ്ങളില്‍തന്നെ ജോലിക്കാരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയത്. അമേരിക്കക്കു പുറമെ, ബ്രട്ടനിലും ഓസ്‌ട്രേലയയിലും ഇതേ നിലപാടാണ് കൈക്കൊള്ളുന്നത്.
സാങ്കേതിക മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങള്‍ക്കായി വിവിധ കമ്പനികളുമായും സര്‍ക്കാരുകളുമായും ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഇപ്പോള്‍ ഇന്‍ഫോസിസ് മുന്‍ഗണന നല്‍കുന്നു.
വടക്കെ അമേരിക്കയിലാണ് ഇന്‍ഫോസിസിന് ഏറ്റവും കൂടുതല്‍ ബിസിനസ്. 61.2 ശതമാനം വരുമാനം ഇവിടെനിന്നാണ്. യൂറോപ്പില്‍നിന്ന് 24 ശതമാനവും ബാക്കി രാജ്യങ്ങളില്‍നിന്ന് 12.5 ശതമാനവും ലഭിക്കുന്നു. 2019 മാര്‍ച്ച് വരെയുള്ള പാദം അവസാനിക്കുന്നതുവരെ ഇന്ത്യയില്‍നിന്നുളള ബിസിനസ് 2.3 ശതമാനമാണ്.
അനലിറ്റിക്‌സ്, ക്ലൗഡ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സൈബര്‍ സെക്യൂരിറ്റി, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ മേഖലകളിലാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നതെന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി പറഞ്ഞു.
സി.ഇ.ഒയും എം.ഡിയുമായ സലില്‍ പരേഖിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ശേഷിയില്‍ കമ്പനി മുന്നേറുകയാണെന്നും അദ്ദേഹം ഓഹരി ഉടമകളോട് പറഞ്ഞു.