Sorry, you need to enable JavaScript to visit this website.

യുവതി ബിനോയിയുടെ ഭാര്യ തന്നെ; തെളിവായി പാസ്‌പോര്‍ട്ടും ബാങ്ക് അക്കൗണ്ടും

മുംബൈ- ബിനോയ് കോടിയേരി അര ലക്ഷം രൂപ മുതല്‍ നാല് ലക്ഷം രൂപവരെ കൈമാറിയതിന്റെ തെളിവുകള്‍ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ ബിഹാര്‍ യുവതി പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി. ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേര് രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കിയതിന് പിന്നാലെയാണ് ബാങ്കിടപാടിന്റെ രേഖകളും യുവതി ഹാജരാക്കിയത്.

ബാങ്ക് പാസ്ബുക്കിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പല തവണ പണമയച്ചതായും  50,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ പലപ്പോഴായി യുവതിക്ക് കൈമാറിയിട്ടുണ്ടെന്നും മുംബൈ പോലീസ് അറിയിച്ചു.

യുവതിയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. യുവതിക്കൊപ്പം ബിനോയ് താമസിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നുവെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. ജാമ്യഹരജി സമര്‍പ്പിച്ച ബിനോയിയുടെ അഭിഭാഷകന്‍ യുവതിയുടെ മൊഴികളിലെ വൈരുധ്യം കോടതിയില്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് മുംബൈ ഓഷിവാര പോലീസ് യുവതിയെ വീണ്ടും വിളിച്ചുവരുത്തി മൊഴ് രേഖപ്പെടുത്തിയിരുന്നു.

പരാതിക്കാരിയായ യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. 2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ബിനോയിയുടെ പേരുള്ളത്. 2004ലെ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നു പുതുക്കിയപ്പോഴാണ് ബിനോയിയുടെ പേര് ഉള്‍പ്പെടുത്തിയത്.
പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ആദ്യ പേരായി പരാതിക്കാരിയുടെയും രണ്ടാം പേരായി ഭര്‍ത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണന്റെ പേരുമാണ് ചേര്‍ത്തിരിക്കുന്നത്. 2004ല്‍ എടുത്ത പാസ്‌പോര്‍ട്ടില്‍ യുവതിയുടെ പേരിനൊപ്പം മാതാപിതാക്കളുടെ വിവരങ്ങളാണുള്ളത്.

വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ ഇത്തരത്തില്‍ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാവുകയുള്ളൂ. ബിനോയ് കോടിയേരിക്കെതിരെ നിയമ നടപടിയിലേക്കു നീങ്ങിയത് ഒത്തുതീര്‍പ്പിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണെന്ന് യുവതിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.
കുഞ്ഞിനെ വളര്‍ത്താനും ജീവിതച്ചെലവിനുമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് 2018 ഡിസംബര്‍ 31 ന് അഭിഭാഷകന്‍ മുഖേന നോട്ടിസ് അയച്ചിരുന്നു.

 

Latest News