Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്ന് അമേരിക്ക; റിപ്പോര്‍ട്ട് തള്ളി ബി.ജെ.പി

ന്യൂദൽഹി- ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം ശക്തമാണെന്ന് യു.എസ് റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ, ന്യൂനപക്ഷ സമുദായങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ  ഹിന്ദു സംഘടനകൾ ആക്രമിക്കുകയാണ് എന്ന പറയുന്നു. ഗോമാംസത്തിനായി പശുക്കളെ കച്ചവടം ചെയ്യുകയോ കൊല്ലുകയോ ചെയ്തുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ അക്രമം അധികവും നടക്കുന്നതെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. 

മതന്യൂനപക്ഷങ്ങൾ, പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾ, സർക്കാരിനെ വിമർശിക്കുന്നവർ എന്നിവർക്കെതിരെ നടത്തുന്ന  ആൾക്കൂട്ട ആക്രമണങ്ങളിൽ സർക്കാർ  പരാജയപ്പെട്ടുവെന്നും  അതിൽ പറയുന്നു.കേന്ദ്ര മന്ത്രിമാരുൾപ്പടെ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ, സമൂഹത്തിൽ ന്യൂന പക്ഷ സമുദായങ്ങളുടെ  മതാചാരങ്ങൾക്കുള്ള നിയന്ത്രണം എന്നിവ നോക്കിയാൽ, മതസ്വാതന്ത്ര്യത്തിൽ ഇന്ത്യ ഏറെ പുറകിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

അതെ സമയം, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ യു.എസ് തയ്യാറാക്കിയ റിപ്പോർട്ടിനു മേൽ വിദേശകാര്യവക്താവ് രവീഷ് കുമാർ  ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ന്യൂനപക്ഷ- ഭൂരിപക്ഷ വ്യത്യാസമില്ലാത്ത തുല്യമായ അവകാശങ്ങൾ പൗരന്മാർക്ക് നൽകുന്ന രാജ്യമാണ് ഇന്ത്യ എന്ന അദ്ദേഹം റിപ്പോർട്ടിനെതിരെ തിരിച്ചടിച്ചു. ന്യൂനപക്ഷ വിരുദ്ധമെന്ന മുഖച്ഛായ മാറ്റാനായി, ന്യൂനപക്ഷങ്ങൾക്കെതിരായുള്ള അക്രമണങ്ങളെ അപലപിക്കുകയും  അവരെയും ഉൾപ്പെടുത്തി കൊണ്ട് മാത്രമേ മുന്നോട്ടു പോകൂ എന്ന പ്രസ്താവനകൾ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പടെയുള്ള നേതാക്കൾ നടത്തുകയും ചെയ്യുന്നതിനിടെയാണ് ഈ റിപ്പോർട്ട് എന്നാണ് രവീഷ് കുമാറിന്റെ ഭാഷ്യം. 

അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആൺ റിപ്പോർട്ട് യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചത്. 25 ന് മൈക്ക് ഇന്ത്യ സന്ദർശിക്കാനിരിക്കുകയാണ്. 

 

Latest News