ഈസ്റ്റ് ദൽഹി - വാഹനമോടിച്ചു കൊണ്ടിരിക്കെ മാധ്യമ പ്രവർത്തകയ്ക്കു നേരെ ഒന്നിലധികം തവണ അജ്ഞാതർ വെടി വച്ചു. നോയിഡയിൽ ടി.വി ജേണലിസ്റ്റ് ആയി ജോലി നോക്കുന്ന മിതാലി ഛന്ദോളയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ തന്റെ ഹ്യൂണ്ടായ് i 20 കാർ ഓടിച്ചു വീട്ടിലേക്ക് പോകുകയായിരുന്നു മിതാലി. ധരം ശില സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കു മുന്നിൽ വച്ച് ഒരു മാരുതി സ്വിഫ്റ്റ് കാർ ഇവരുടെ കാറിനെ മറികടക്കുകയും അതിൽ നിന്നും അജ്ഞാതരായ രണ്ടുപേർ വെടിയുതിർക്കുകയും കാറിന്റെ വിൻഡ്‌ഷീൽഡിലേക്ക് മുട്ട എറിയുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. അവർ മുഖം മൂടി ധരിച്ചിരുന്നതായി മിതാലി പോലീസിനോട് പറഞ്ഞു.
മിതാലിയുടെ കയ്യിൽ വെടിയേറ്റ പരിക്കുകൾ ഉണ്ട്. കുടുംബ പ്രശ്നമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നതായി ഈസ്റ്റ് പോലീസ് ഡെപ്യുട്ടി കമ്മീഷണർ ജസ്മീത് സിങ് പറഞ്ഞു.