മൊണ്ടാന - വീടിൻറെ പൂട്ട് പൊളിച്ച് അകത്തു കയറി കിടന്നുറങ്ങിയ കരടിയുടെ ചിത്രം വൈറലാകുന്നു. യു.എസിലെ മൊണ്ടാനയിലാണ് സംഭവം. അകത്തു കയറി പൂട്ടിട്ട് അലമാരയ്ക്കുള്ളിലാണ് 'കരടിയാശാൻ' ഉറങ്ങാൻ കിടന്നത്.
ബട്ട്ലെഴ്‌സ് ക്രീക്ക് റോഡിലെ വസതിയിൽ താമസിക്കുന്ന ദമ്പതികൾ പാർട്ടിക്കായി പുറത്തു പോയപ്പോഴാണ് സംഭവം. തിരികെ വീട്ടിലെത്തി വസ്ത്രം മാറാൻ നോക്കുമ്പോഴാണ് കരടി അലമാരയ്ക്കുള്ളിൽ ഉറങ്ങുന്നത് കാണുന്നത്. ഉടനെ മിസോള നഗരാധികാരിയെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ എത്തുമ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു കരടി.
സുഖകരമായ ഉറക്കത്തിൽ നിന്ന് ഉണർത്തിയതിൽ കരടിക്ക് അത്ര മതിപ്പ് പോരായിരുന്നു. കണ്ണ് തുറന്ന് കാലുകൾ വലിച്ചു നീട്ടി കോട്ടുവായിട്ട് പതുക്കെ എഴുന്നേറ്റ് ഞങ്ങളെ നോക്കി - വീട്ടുകാർ പറയുന്നു.
തനിയെ ഇറങ്ങി പോകുമെന്ന് കരുതിയെങ്കിലും അത് പിന്നെയും കോട്ടുവായിട്ട് ഉറങ്ങാൻ നോക്കുകയായിരുന്നു. അവസാനം വന്യജീവി വകുപ്പിലെയും പാർക്കിലെയും അധികൃതരെ വിളിച്ച് കരടിയെ ശാന്തനായി തന്നെ താഴെ ഇറക്കി മറ്റൊരിടത്തേക്ക് മാറ്റി. കറുത്ത കരടികളുടെ ആവാസ സ്ഥലമാണ് യു.എസിലെ മൊണ്ടാന.