Sorry, you need to enable JavaScript to visit this website.

മുര്‍സിയെ പ്രവാചക സ്ഥാനത്തോളം ഉയര്‍ത്തിയതിനെതിരെ സൗദി ഇസ്ലാമിക മന്ത്രി

റിയാദ്- മുൻ ഈജിപ്ഷ്യൻ പ്രസിഡന്റും മുസ്‌ലിം ബ്രദർഹുഡ് നേതാവുമായ മുഹമ്മദ് മുർസിയെ പ്രവാചകന്മാരുടെ സ്ഥാനത്തോളം ഉയർത്തിയത് ബ്രദർഹുഡിന്റെ മ്ലേഛ നിലപാടാണ് തുറന്നു കാട്ടുന്നതെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ.അബ്ദുൽ ലത്വീഫ് ആലുശൈഖ് പറഞ്ഞു. മലീമസമായ ആശയത്തിന്റെ സ്വാധീനത്തിൽ പെട്ട് ബ്രദർഹുഡുകാർ കള്ളം പ്രചരിപ്പിക്കുകയും നെറികേട് കാണിക്കുകയും തങ്ങളുടെ നേതാക്കളെ ദൈവസമാനം ഉയർത്തുകയും അവർക്ക് പവിത്രത കൽപിക്കുകയുമാണ്. 


മൂന്നാം ഖലീഫ ഉസ്മാനെയും (റ) മുർസിയെയും തുല്യരായി ചിത്രീകരിക്കുകയും പ്രവാചകന്മാരുടെ പദവിയോളം മുർസിയെ ഉയർത്തുകയും ചെയ്തവരെ അല്ലാഹു മ്ലേഛന്മാരാക്കട്ടെ. മുസ്‌ലിം ബ്രദർഹുഡ് മാർഗശാസ്ത്രം പിൻപറ്റുന്നവർ സ്വയം നഗ്നരാവുകയും സ്വന്തം അപഹാസ്യം പ്രചരിപ്പിക്കുകയുമാണെന്നും ഇസ്‌ലാമികകാര്യ മന്ത്രി പറഞ്ഞു.


യെമനിൽ ഹൂത്തി അനുകൂല ആക്ടിവിസ്റ്റും രാഷ്ട്രീയ പ്രവർത്തകയും പത്രപ്രവർത്തകയുമായ തവക്കുൽ കർമാൻ, മുർസിയെ പ്രവാചകന്മാരുടെ പദവിയോളം ഉയർത്തുന്ന സന്ദേശം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. അവസാന പ്രവാചകനെയാണ് കൊലപ്പെടുത്തിയതെന്നും പ്രവാചകന്റെ അനുചരന്മാരെയും ദൈവിക സാമീപ്യം നേടിയ ഔലിയാക്കളെയും മുൻകാലങ്ങളിൽ വധിച്ചതിനാൽ മുർസിയുടെ വധത്തിൽ പുതുമയില്ലെന്നും തവക്കുൽ കർമാൻ ട്വീറ്റ് ചെയ്തു.

പ്രവാചകന്മാരുടെ പേര് കേൾക്കുമ്പോൾ ചൊല്ലേണ്ടതു പോലെയുള്ള സ്വലാത്ത് (പ്രത്യേക പ്രാർഥന) മുർസിക്കു വേണ്ടി ചൊല്ലണമെന്നും തവക്കുൽ കർമാൻ തന്റെ പോസ്റ്റിൽ ആവശ്യപ്പെട്ടു. വീരമൃത്യുവരിച്ച മുഹമ്മദ് മുർസി അടക്കം മുഴുവൻ വിപ്ലവകാരികളും നീതിയുടെയും സത്യത്തിന്റെയും പ്രവാചകന്മാരും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും മാലാഖമാരുമാണ്. ഇവർക്കും കുടുംബാംഗങ്ങൾക്കും ഇവരെ പിന്തുടരുന്നവർക്കും അല്ലാഹുവിന്റെ കരുണാ കടാക്ഷവും സമാാധാനവും ഉണ്ടാകട്ടെയെന്നും തവക്കുൽ കർമാൻ ട്വിറ്ററിൽ കുറിച്ചു.

ഇതിനു മറുപടിയായാണ് മുർസിയെ പ്രവാചകന്മാരുടെ സ്ഥാനത്തേക്ക് ഉയർത്തിയത് ബ്രദർഹുഡിന്റെ മ്ലേഛതയാണ് വ്യക്തമാക്കുന്നതെന്ന് ഇസ്‌ലാമികകാര്യ മന്ത്രി പറഞ്ഞത്. 2011 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം പങ്കുവെച്ച തവക്കുൽ കർമാൻ നോബൽ സമ്മാനം നേടുന്ന ആദ്യത്തെ അറബ് വനിതയായി ലോകശ്രദ്ധ നേടിയിരുന്നു.

DOWNLOAD APP

Latest News