Sorry, you need to enable JavaScript to visit this website.

മത്സ്യമാര്‍ക്കറ്റില്‍ വിദേശി ആധിപത്യമെന്ന് സൗദികളുടെ പരാതി; പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

ജിസാൻ- ജിസാൻ സെൻട്രൽ മത്സ്യ മാർക്കറ്റിൽ വിദേശികളുടെ ആധിപത്യമാണെന്ന് സ്വദേശി വ്യാപാരികളുടെ പരാതി. സംഭവത്തിൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ ജിസാൻ ഗവർണർ നിർദേശിച്ചിട്ടുണ്ടെന്ന് ജിസാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ അഹ്മദ് അൽ ഖുൻഫുദി പറഞ്ഞു. പോലീസ്, നഗരസഭ, ജവാസാത്ത്, ലേബർ ഓഫീസ് എന്നിവയുടെ പ്രതിനിധികളടങ്ങിയ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. 


മത്സ്യ മാർക്കറ്റിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് അവസാനിപ്പിക്കാന്‍ ആവശ്യമായ പദ്ധതി തയാറാക്കും. മാർക്കറ്റിൽ മൊത്ത വിൽപനക്ക് എത്തുന്ന മത്സ്യം ഏഷ്യൻ വംശജരായ തൊഴിലാളികൾ കൈക്കലാക്കുകയാണ്. ജിസാനിലെയും മറ്റു പ്രവിശ്യകളിലെയും നഗരങ്ങളിൽ മത്സ്യം വിദേശികൾ പിന്നീട് വിൽപന നടത്തുന്നു. ഇത് തങ്ങളുടെ വയറ്റത്തടിക്കുകയാണ്. സെൻട്രൽ മത്സ്യ മാർക്കറ്റിലെ വ്യാപാരമാണ് തങ്ങളുടെ ഏക വരുമാന മാർഗമെന്നും സ്വദേശി വ്യാപാരികൾ പറയുന്നു.


മത്സ്യ മാർക്കറ്റിൽ ആധിപത്യം സ്ഥാപിച്ച ഏഷ്യൻ വംശജർ മത്സ്യവില ഉയർത്തുകയാണ്. ഇതുമൂലം തങ്ങൾക്ക് മത്സ്യം വാങ്ങാൻ കഴിയുന്നില്ലെന്ന് സൗദി പൗരൻ മതാഇൻ ഇബ്രാഹിം ജഅ്ഫരി പറഞ്ഞു. ഉയർന്ന വിലയ്ക്ക് മത്സ്യം വാങ്ങിയാൽ അതിനനുസരിച്ച വിലയ്ക്ക് മീൻ വാങ്ങുന്നതിന് ഉപയോക്താക്കൾ മുന്നോട്ടു വരില്ല. പകരം നിയമ ലംഘകരായ വിദേശികളെ ഉപയോക്താക്കൾ സമീപിക്കും. മത്സ്യത്തിന്റെ ഗുണമേന്മ വിദേശികൾ പരിഗണിക്കുന്നില്ല. ബന്ധപ്പെട്ട വകുപ്പുകൾ മത്സ്യ വിപണിയുടെ പ്രവർത്തനം ക്രമീകരിക്കുകയോ നിരീക്ഷിക്കുകയോ ചെയ്യുന്നില്ല. ഇതാണ് മാർക്കറ്റിൽ സ്വാധീനം സ്ഥാപിക്കുന്നതിന് വിദേശികൾക്ക് അവസരമൊരുക്കുന്നത്. 


വിദേശ വ്യാപാരികളിൽ ഭൂരിഭാഗവും തൊഴിൽ നിയമ ലംഘകരാണ്. ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാരൻ പ്രൊഫഷനുകളിലുള്ള വിസകളിൽ രാജ്യത്തെത്തിയവരാണ് നിയമം ലംഘിച്ച് മത്സ്യമാർക്കറ്റിൽ വ്യാപാരം നടത്തുന്നതെന്നും മതാഇൻ ഇബ്രാഹിം ജഅ്ഫരി പറഞ്ഞു. 


ജിസാൻ മാർക്കറ്റിൽ മത്സ്യവില വലിയ തോതിൽ ഉയർന്നിട്ടുണ്ടെന്ന് മറ്റൊരു സ്വദേശി വ്യാപാരിയായ മൻസൂർ ഹുസൈൻ ജഅ്ഫരി പറഞ്ഞു. ഇതുമൂലം നിസ്സാര ലാഭം പോലും നേടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നേരത്തെ മത്സ്യവ്യാപാര മേഖലയിൽ പ്രവർത്തിച്ചിരുന്ന പലരും രംഗം വിട്ടിട്ടുണ്ട്. മറ്റു ചിലർ വിദേശികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് നിർബന്ധിതരായിരിക്കുകയാണെന്നും മൻസൂർ ഹുസൈൻ ജഅ്ഫരി പറഞ്ഞു.

DOWNLOAD APP

Latest News