ബെല്‍ഫാസ്റ്റില്‍ മലയാളി യുവതി  കാറപകടത്തില്‍ മരിച്ചു 

ലണ്ടന്‍-നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മലയാളി യുവതി കാറപകടത്തില്‍ മരിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റിനു സമീപം ആന്‍ട്രിമില്‍ താമസിക്കുന്ന മലയാളി നഴ്‌സ് കോട്ടയം മാറിടം സ്വദേശിനിയായ ഷൈമോള്‍ തോമസാണ് (37)ഇന്നലെ വൈകിട്ട് ആറു മണിയോടെ അപകടത്തില്‍ മരിച്ചത്.
ഷൈമോള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന സുഹൃത്തിന്റെ ഭാര്യയും മലയാളി നഴ്‌സുമായ മറ്റൊരു യുവതി അതീവ ഗുരുതരാവസ്ഥയില്‍ ബെല്‍ഫാസ്റ്റിലെ റോയല്‍ ബെല്‍ഫാസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഈ നഴ്‌സിന്റെ കുഞ്ഞ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. 
ബെല്‍ഫാസ്റ്റിലെ ആന്‍ട്രിം ഏരിയ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന നെല്‍സണ്‍ ജോണിന്റെ ഭാര്യയാണ് ഷൈമോള്‍. ഇവരുടെ സുഹൃത്തായ ബിജുവിന്റെ കുട്ടിയുടെ സ്‌കൂളിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ബാലിമണി എന്ന സ്ഥലത്ത് പോയതായിരുന്നു. ഈ പരിപാടി കഴിഞ്ഞ് ബിജുവിന്റെ ഭാര്യയും കുഞ്ഞും ഷൈമോളും തിരികെ ആന്‍ട്രിമിലേക്ക് മടങ്ങുന്ന വേളയിലാണ് അപകടം സംഭവിച്ചത്. 
ഷൈമോളുടെ ഭര്‍ത്താവ് നെല്‍സണ്‍ കഴിഞ്ഞ ഏതാനും ദിവസത്തെ അവധിക്ക് നാട്ടില്‍ പോയിരുന്നു. അപകടത്തെ തുടര്‍ന്ന് പോലീസ് നെല്‍സനെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നെല്‍സണ്‍ നാട്ടില്‍ നിന്ന് ഇന്ന് രാവിലെ ബെല്‍ഫാസ്റ്റിലേക്ക് തിരിച്ചു. ലിയോണ, റിയാസു, ഇവാന്‍ എന്നിവരാണ് മക്കള്‍

Latest News