ബംഗളൂരൂ- നിലത്ത് കിടന്നുറങ്ങി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി. സര്‍ക്കാര്‍ സ്‌കൂളില്‍ നിലത്ത് കിടന്നുറങ്ങിയാണ് അദ്ദേഹം തന്റെ ലാളിത്യം തെളിയിച്ചത്. ഉത്തര കര്‍ണാടകയിലെ യദ്ഗിര്‍ ജില്ലയിലെ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. വെള്ളിയാഴ്ച ട്രെയിന്‍ മാര്‍ഗ്ഗം യദ്ഗിറിലെത്തിയ കുമാരസ്വാമി പിന്നീട് 'ഗ്രാമ വാസ്തവ്യ' പരിപാടിയുടെ ഭാഗമായി ചന്ദ്രകി ഗ്രാമത്തിലെത്തുകയായിരുന്നു. ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുക എന്നതാണ് ഗ്രാമ വാസ്തവ്യയുടെ ലക്ഷ്യം. 2006-07 കാലഘട്ടത്തില്‍ ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ കുമാരസ്വാമി തുടങ്ങിയ പരിപാടിയാണിത്.
മുഖ്യമന്ത്രി ചന്ദ്രകി ഗ്രാമത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. അവിടത്തെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.രാത്രിയില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും നിലത്ത് കിടന്നുറങ്ങുകയും ചെയ്തു. പിന്നീട് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങള്‍ക്കുവേണ്ടി റോഡില്‍ കിടന്നുറങ്ങാനും തയ്യാറാണെന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.