മുംബൈ- ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ ഒത്തുതീര്‍പ്പിനായി ബിനോയിയുടെ അമ്മ വിനോദിനി ബിഹാര്‍ യുവതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. പരാതി ഉയര്‍ന്നയുടന്‍ മുംബൈയിലെത്തിയാണ് ഇവര്‍ യുവതിയെ കണ്ടതെന്ന് പറയുന്നു. പരാതിയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നതായും യുവതിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി.
2018 ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസയച്ചിതിന് പിന്നാലെയാണ് വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തിയത്. പണം കിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന് യുവതി പറഞ്ഞതിനെത്തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചു. പിന്നീടും വിനോദിനിയും മറ്റ് കുടുംബാംഗങ്ങളും ഒത്തുതീര്‍പ്പിന്ശ്രമിച്ചിരുന്നുവെന്നും പലപ്പോഴും ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.
യുവതി ഇന്ന് വീണ്ടും ഓഷിവാര പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് യുവതിയെ വീണ്ടും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. യുവതി കൂടുതല്‍ ഫോണ്‍ രേഖകള്‍ കൈമാറി.
അതിനിടെ, മകന്‍ ബിനോയിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചുവെങ്കിലും കേന്ദ്രനേതൃത്വം തള്ളി. കോടിയേരി ആരെയും രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.