വാഷിംഗ്ടണ്‍- ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പക്ഷെ, അതു സംഭവിച്ചാല്‍ ഇറാന്‍ തുടച്ചുനീക്കപ്പെടുമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം സംഭവിക്കുകയാണെങ്കില്‍ ഇതുപോലൊരു നാശം നിങ്ങള്‍ ഇതിനുമുമ്പ് കണ്ടിട്ടുണ്ടാവില്ലെന്ന് അദ്ദേഹം എന്‍ബിസി ചാനലിനോട് പറഞ്ഞു. ഇറാനുമായുള്ള ചര്‍ച്ചക്ക് മുന്‍ ഉപാധികളൊന്നും വെക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ഡ്രോണ്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്ന് ഇറാന് തിരിച്ചടി നല്‍കാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും അവസാനനിമിഷം വേണ്ടെന്നു വെക്കുകയായിരുന്നു. സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ചക്ക് തയാറാകാന്‍ ഒമാന്‍ വഴി ഇറാനോട് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു താല്‍ക്കാലിക പിന്‍വാങ്ങല്‍.
നിങ്ങള്‍ക്ക് ആണവയുധങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. മറ്റെല്ലാ കാര്യങ്ങളിലും തുറന്ന ചര്‍ച്ചയാകാം. ചര്‍ച്ചക്ക് തയാറല്ലെങ്കില്‍ തകരുന്ന സമ്പദ്ഘടനയുമായി മുന്നോട്ടു പോകാം- ട്രംപ് പറഞ്ഞു.
തയാറെടുത്ത വ്യോമാക്രമണം നടത്തിയാല്‍ 150 ഇറാനികളെങ്കിലും കൊല്ലപ്പെടുമെന്ന കാര്യമാണ് തന്നെ വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചതെന്നും ഒരു നിരീക്ഷണ ഡ്രോണ്‍ തകര്‍ത്തതിന് ഇത്രയും പേരെ കൊലപ്പെടുത്തുന്നത് ആനുപാതികമല്ലെന്ന് തോന്നിയെന്നും ട്രംപ് എന്‍ബിസിയുടെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു. മൂന്ന് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്താനാണ് അമേരിക്ക തയാറെടുത്തിരുന്നത്.