ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയത് ഒമാന്‍ വഴി
ആക്രമണ നീക്കം ഉപേക്ഷിച്ചത് അവസാന നിമിഷം
ദുബായ്- അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടതിനു പിന്നാലെ യു.എസ്, യു.എ.ഇ വിമാനക്കമ്പനികള്‍ ചില സര്‍വീസുകളുടെ റൂട്ടുകളില്‍ മാറ്റം വരുത്തി. അറേബ്യന്‍ ഉള്‍ക്കടലിനു മുകളില്‍ ഡ്രോണ്‍ വെടിവെച്ചിടുമ്പോള്‍ വ്യോമ പാതയിലൂടെ നിരവധി സിവിലിയന്‍ വിമാനങ്ങള്‍ പറക്കുന്നുണ്ടായിരുന്നു. 45 നോട്ടിക്കല്‍ മൈല്‍ അകലെ സിവിലിയന്‍ വിമാനം ഉണ്ടായിരുന്നുവെന്നാണ് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വെളിപ്പെടുത്തിയത്.
ഇറാന് ഉടന്‍ തിരിച്ചടി നല്‍കാനുള്ള നീക്കത്തില്‍നിന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തല്‍ക്കാലം പിന്‍വാങ്ങിയിട്ടുണ്ടെങ്കിലും സംഘര്‍ഷത്തില്‍ ഒട്ടും അയവു വന്നിട്ടില്ല.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകളുടെ റൂട്ടുകളില്‍ മാറ്റം വരുത്തുമെന്നും ഫ്‌ളൈ ദുബായ് വക്താവ് പറഞ്ഞു. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് എല്ലാ വിമാന സര്‍വീസുകളുടെയും റൂട്ടുകള്‍ മാറ്റിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.
റൂട്ടുകളില്‍ മാറ്റം വരുത്തിയത് ചില വിമാനങ്ങളുടെ സമയത്തെ നേരിയ തോതില്‍ ബാധിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഏറ്റവും പുതിയ സമയം എമിറേറ്റ്‌സ് വെബ്‌സൈറ്റ് വഴി പരിശോധിക്കണം. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷക്കാണ് ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.
ചില സര്‍വീസുകളുടെ റൂട്ടുകളില്‍ മാറ്റം വരുത്തിവരികയാണെന്ന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വെയ്‌സും അറിയിച്ചിട്ടുണ്ട്.
ഇറാന്‍ നിയന്ത്രണത്തിലുള്ള വ്യോമ മേഖലയിലൂടെ സര്‍വീസ് നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ വിമാന കമ്പനികളെ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിലക്കിയിരിക്കയാണ്. അമേരിക്കന്‍ തീരുമാനം വിലയിരുത്തുന്നതിന് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ഇത്തിഹാദ് എയര്‍വെയ്‌സ് കൂടിയാലോചനകള്‍ നടത്തി. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് എയര്‍ അറേബ്യ പറഞ്ഞു.
വ്യാഴാഴ്ച അമേരിക്കന്‍ നാവിക സേനക്കു കീഴിലെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്നാണ് ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടലുകള്‍ക്കു മുകളില്‍ ഇറാന്‍ വ്യോമ മേഖലയിലൂടെ സഞ്ചരിക്കുന്നതില്‍ നിന്ന് അമേരിക്കന്‍ വിമാനങ്ങളെ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിലക്കിയത്. ന്യൂജെഴ്‌സിയിലെ നെവാര്‍ക് എയര്‍പോര്‍ട്ടില്‍ നിന്ന് ഇറാന്‍ വ്യോമ മേഖലയിലൂടെ മുംബൈയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അമേരിക്കന്‍ വിമാന കമ്പനിയായ യുനൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു. മേഖലയിലൂടെയുള്ള സര്‍വീസുകള്‍ ഒഴിവാക്കുമെന്ന് എയര്‍ ഫ്രാന്‍സും ക്വന്റാസും കെ.എല്‍.എമ്മും അറിയിച്ചിട്ടുണ്ട്. ഹുര്‍മുസ് കടലിടുക്കിനു മുകളിലൂടെയുള്ള സര്‍വീസുകളുടെ റൂട്ടുകളില്‍ മാറ്റം വരുത്തിയതായി സിംഗപ്പൂര്‍ എയര്‍ലൈന്‍സും മലേഷ്യന്‍ എയര്‍ലൈന്‍സും അറിയിച്ചു.
ആളില്ലാ വിമാനം വെടിവെച്ചിട്ട ഇറാന് തിരിച്ചടി നല്‍കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നെങ്കിലും അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നു. ഉടന്‍ ആക്രമണം നടത്തുമെന്ന് ട്രംപ് ഒമാന്‍ മുഖേന അറിയിച്ചിരുന്നുവെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ പ്രശ്‌നങ്ങളില്‍ ഉടന്‍ ചര്‍ച്ചക്ക് തയാറാകണമെന്ന അന്ത്യശാസനമാണ് ഒമാന്‍ വഴി ട്രംപ് നല്‍കിയിരുന്നത്. എന്നാല്‍ ചര്‍ച്ചക്കുള്ള തീരുമാനം പരമോന്നത നേതാവ് അലി ഖാംനഇ കൈക്കൊള്ളുമെന്നാണ് ഇറാന്‍ മറുപടി നല്‍കിയിരുന്നത്. ആക്രമണം നടന്നാല്‍ മേഖലയിലും അന്താരാഷ്ട്ര തലത്തിലും പ്രത്യാഘാതമുണ്ടാക്കുമെന്ന് വ്യക്തമാക്കിയതായും ഇറാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.