Sorry, you need to enable JavaScript to visit this website.

ഇറാൻ ഉപരോധം ശക്തമാക്കുന്നു; പിന്തുണച്ച് സൗദി

  • അമേരിക്കൻ പ്രസിഡന്റും കിരീടാവകാശിയും ചർച്ച നടത്തി

വാഷിംഗ്ടൺ- സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ വൈകീട്ട് ഫോണിൽ ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. 
മേഖലാ സുരക്ഷക്ക് ഇറാൻ സൃഷ്ടിക്കുന്ന ഭീഷണികളെ കുറിച്ചും മധ്യപൗരസ്ത്യ ദേശത്തെ സുരക്ഷാ ഭദ്രതയെ കുറിച്ചും ട്രംപ് സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി. മധ്യപൗരസ്ത്യ ദേശത്തിന്റെ സുരക്ഷാ ഭദ്രതയും ആഗോള എണ്ണ വിപണിയുടെ സ്ഥിരതയും ഉറപ്പുവരുത്തുന്ന കാര്യത്തിൽ സൗദി അറേബ്യക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്നും ഇക്കാര്യത്തിൽ ചർച്ച നടന്നുവെന്നും വൈറ്റ് ഹൗസ് പറഞ്ഞു. 
ഇറാനെതിരായ ഉപരോധം ശക്തമാക്കാനുള്ള അമേരിക്കൻ തീരുമാനത്തെ സൗദി അറേബ്യ പിന്തുണക്കുന്നതായി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. അമേരിക്കയുടെ പ്രത്യേക ദൂതൻ ബ്രെയാൻ ഹോക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
മേഖലയിലെ പുതിയ സംഭവ വികാസങ്ങളും സുരക്ഷാ ഭദ്രതക്ക് ഇറാൻ ഉയർത്തുന്ന ഭീഷണി ചെറുക്കാൻ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. മേഖലയിൽ ഭീകര പ്രവർത്തനങ്ങൾ നടത്തുകയും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ഇറാനെതിരെ കൂടുതൽ കടുത്ത ഉപരോധങ്ങൾ ആവശ്യമാണെന്ന് ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. മേഖലയിലെ ഭീകരതക്കുള്ള പ്രധാന കേന്ദ്രമായി യെമനെ ഇറാൻ ഉപയോഗിക്കുകയാണ്. യെമൻ ജനതയുടെ മാനുഷിക ആവശ്യങ്ങൾ ഇറാൻ അവഗണിക്കുന്നു -ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്ക് യെമനിലെ ഹൂത്തികൾക്ക് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും നൽകിയതും സൗദി അറേബ്യക്കെതിരെ അടുത്തിടെ ഇറാൻ നടത്തിയ ആക്രമണങ്ങളും ഇരുവരും വിശകലനം ചെയ്തു. ഒമാൻ ഉൾക്കടലിൽ വെച്ച് രണ്ട് എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളും യെമനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും വിഷയമായി.  
അതിനിടെ, സൗദി അറേബ്യക്കുള്ള ആയുധ വിൽപന ബ്രിട്ടൻ നിർത്തിവെക്കുന്നത് ഇറാനാണ് ഗുണം ചെയ്യുകയെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ആയുധ വിൽപന നിർത്തിവെക്കാനുള്ള ബ്രിട്ടീഷ് സുപ്രീം കോടതി വിധി അവരുടെ ആഭ്യന്തര കാര്യമാണ്. സുപ്രീം കോടതി വിധിയിൽ ബ്രിട്ടീഷ് ഗവൺമെന്റ് വക്താവ് നിരാശ പ്രകടിപ്പിച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകുന്നതിന് ഗവൺമെന്റ് ശ്രമിച്ചു വരികയാണെന്നും വക്താവ് പറഞ്ഞു.

Latest News