തലശ്ശേരി- വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സി.പി.എം വിമതനുമായ സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം മുന്‍ തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഡ്രൈവറുമായ യുവാവ് അറസ്റ്റില്‍.
കതിരൂര്‍ പുല്യോട് സോഡാ മുക്കിലെ ആലുള്ളതില്‍ വീട്ടില്‍ എന്‍.കെ. നിവാസില്‍ രാഘവന്റെ മകന്‍ എന്‍.കെ.രാജേഷിനെ(39)യാണ് തലശ്ശേരി സി.ഐ വി.കെ.വിശ്വംഭരനും എസ്.ഐ ഹരീഷും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവും കൂടിയാണ് അറസ്റ്റിലായ രാജേഷ്. കേസിലെ മുഖ്യ ആസൂത്രകന്‍ പൊട്ടിയന്‍ സന്തോഷിനെ ചോദ്യം ചെയ്തപ്പോഴാണ് രാജേഷിന്റെ പങ്ക് വ്യക്തമായത്. അന്വേഷണ സംഘത്തിലെ സി.ഐ, എസ്.ഐ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ദിവസങ്ങളില്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയതും രാജേഷാണെന്ന് പോലീസ് കണ്ടെത്തി. ഇതോടെ നസീര്‍ വധശ്രമ കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റിലായി.
പൊട്ടിയന്‍ സന്തോഷിന്റെ ഫോണിലേക്ക് സംഭവത്തിന് തൊട്ടടുത്ത ദിവസങ്ങളിലായി 20 ഓളം തവണ രാജേഷ് വിളിച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം വെള്ളിയാഴ്ച രാവിലെ രാജേഷിനെ കസ്റ്റഡിയിലെടുത്തു. പൊട്ടിയന്‍ സന്തോഷിനെയും രാജേഷിനെയും ഒന്നിച്ചിരുത്തിയും പ്രത്യേകം പ്രത്യേകമായും അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇന്നലെ രാത്രി 7.10 ഓടെ രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രാജേഷാണ് പൊട്ടിയന്‍ സന്തോഷിനെ കൃത്യം ചെയ്യാനേല്‍പിച്ചതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ കണ്ടെത്തി.
ഇന്ത്യന്‍ ശിക്ഷാ നിയമം 341, 324, 120 (ബി), 326, 212, 307 വകുപ്പുകള്‍ പ്രകാരമാണ് രാജേഷിനെതിരെ പോലീസ് കുറ്റം ചുമത്തിയത്. നസീറിനെ ആക്രമിക്കാനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചത് രാജേഷാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ സുഹൃത്തുക്കളുടെയും മറ്റും ഫോണില്‍ നിന്നും ഭീഷണിപ്പെടുത്തിയതും രാജേഷാണെന്ന് എസ്.ഐ ഹരീഷ് പറഞ്ഞു. ഇതും പ്രതി സമ്മതിച്ചിട്ടുണ്ട്. എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ അടുത്ത അനുയായിയായ ഇയാളുടെ പങ്ക് തെളിഞ്ഞതോടെ അന്വേഷണത്തിന്റെ ഗതി തന്നെ മാറിയതായി പോലീസ് പറഞ്ഞു. പോലീസ് കസ്റ്റഡിയിലുള്ള പൊട്ടിയന്‍ സന്തോഷ് ചോദ്യം ചെയ്യലിന്റെ ഒന്നാം ദിവസം കാര്യങ്ങളൊന്നും വിട്ടുപറഞ്ഞിരുന്നില്ല. രാജേഷിനെ കൂടെ ഇരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത.് രാജേഷില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു. ആര്‍ക്ക് വേണ്ടിയാണ് നസീറിനെ ആക്രമിച്ചതെന്ന ചോദ്യത്തിന് ഇയാളില്‍ നിന്ന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് ജീവനക്കാരനായ രാജേഷും പൊട്ടിയന്‍ സന്തോഷും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ സഹിതം ഹാജരാക്കിയാണ് പ്രതിയെ പോലീസ് ചോദ്യം ചെയ്തതത്. ഇതോടെയാണ് നസീര്‍ വധശ്രമ കേസിന്റെ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചത്. അന്വേഷണം ഇനിയും നീണ്ടാല്‍ പല പ്രമുഖരും കേസിലുള്‍പ്പെടുമെന്ന സംശയം സി.പി.എം നേതൃത്വത്തെയും കുഴക്കുന്നുണ്ട്. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് തലശ്ശേരിയില്‍ പൊതുയോഗം നടത്തി സി.പി.എം വ്യക്തമാക്കിയിരുന്നു. നസീര്‍ കേസില്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവരുണ്ടെങ്കില്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഏരിയാ കമ്മിറ്റി ഓഫീസിലെ മുന്‍ ഓഫീസ് സെക്രട്ടറി തന്നെ അറസ്റ്റിലാകുന്നത്.
മെയ് 18ന് രാത്രി ഏഴേമുക്കാലോടെയാണ് തലശ്ശേരി കായ്യത്ത് റോഡില്‍ വെച്ച് സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ നസീറിന് നേരെ അക്രമം നടന്നത്. സംഭവത്തിന് പിന്നില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയാണെന്ന് നസീര്‍ പോലീസിന് രണ്ട് തവണ മൊഴി നല്‍കിയിരുന്നു. ഇതിനിടെ അന്വേഷണ സംഘത്തെ മാറ്റാന്‍ ശ്രമം നടന്നെങ്കിലും സംഭവം വിവാദമായതോടെ സ്ഥലംമാറ്റം റദ്ദു ചെയ്യുകയായിരുന്നു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ നസീര്‍ കോടതിയെ സമീപിക്കാനും തീരുമാനിച്ചിരുന്നു.
ഫോട്ടോ-
പ്രതി രാജേഷ്.
രാജേഷ് എ.എന്‍.ഷംസീര്‍ എം.എല്‍.എക്കൊപ്പം(ഫയല്‍).